ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു (KSRTC bus-truck collision in Karnataka). ഇന്ന് രാവിലെ കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോകവെയാണ് കെഎസ്ആർടിസി അപകടത്തിൽപെട്ടത്.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്‌ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പൊലീസ് നടത്തി.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് പൂർണമായും തകർന്നു. അപകടത്തിൽപെട്ട ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ അപകടകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
ALSO READ:Accident In Bangalore Chennai National Highway: അമിത വേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി; 7 സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം
അതേസമയം, ഇന്ന് രാവിലെ തമിഴ്‌നാട്ടിൽ നടന്ന മറ്റൊരു അപകടത്തിൽ ഏഴ് സ്‌ത്രീകളാണ് മരണപ്പെട്ടത്. ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് വാഹനാപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി അറ്റകുറ്റപണികൾക്കായി റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിക്കുകയും പിന്നീട് റോഡരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞുകയറുകയുമായിരുന്നു.
തമിഴ്‌നാട്, തിരുപ്പത്തൂര്‍ സ്വദേശികളായ മീര, ദേവനായി, ചേറ്റമ്മാള്‍, ദേവകി, സാവിത്രി, കലാവതി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് മടങ്ങിയ സ്‌ത്രീകളാണ് അപകടത്തിൽപെട്ടത്.
ബെംഗളൂരു-ചെന്നൈ ദേശീയപാതയില്‍ (Bangalore Chennai National Highway) ചണ്ടിയൂരിന് സമീപത്തായി നാട്ടാംപള്ളിയില്‍ വച്ച് തിരുപ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാന്‍ പഞ്ചറായിരുന്നു. പിന്നാലെ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി റോഡരികില്‍ ഇരിക്കുകയായിരുന്നു. ഈ സമയം അമിത വേഗത്തിലെത്തിയ മിനി ലോറി നിയന്ത്രണം നഷ്‌ടമായി വാനില്‍ ഇടിക്കുകയും പിന്നാലെ റോഡരികില്‍ ഇരിക്കുകയായിരുന്ന സ്‌ത്രീകള്‍ക്ക് മേല്‍ പാഞ്ഞുകയറുകയുമായിരുന്നു. ഏഴ് പേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
അപകടത്തില്‍ സാരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ ഉള്‍പ്പടെ 10 പേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ വാണിയമ്പാടി, നാട്രംപള്ളി, തിരുപ്പത്തൂര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി വെല്ലൂര്‍, കൃഷ്‌ണഗിരി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റി. അപകടവിവരം ലഭിച്ച ഉടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുപ്പത്തൂര്‍, വാണിയമ്പാടി ആശുപത്രികളിലേക്കാണ് മാറ്റിയത്.