തിരുവനന്തപുരം:എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. 11.50 ഓടെ വിമാനത്താവളത്തിൽ എത്തിയ ഖാര്‍ഗെയെ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും നിരവധി പ്രവർത്തകരാണ് വിമാനത്താവളത്തിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്വീകരിക്കാനായി എത്തിയത്.
ബാൻഡ് മേളത്തിന്‍റെ അകമ്പടിയോടെയാണ് ഖാര്‍ഗെയെ വിമാനത്താവളത്തിന് പുറത്തേക്ക് നേതാക്കൾ സ്വീകരിച്ചത്. എഐസിസി അധ്യക്ഷനായ ശേഷം ആദ്യമായാണ് ഖാര്‍ഗെ കേരളത്തിൽ എത്തുന്നത്. ഖാര്‍ഗെയ്‌ക്കൊപ്പം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
കെപിസിസി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് ഖാര്‍ഗെ കേരളത്തിൽ എത്തിയത്. കൊടി തോരണങ്ങളാൽ അലങ്കരിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും നൂറു കണക്കിന് പ്രവർത്തകരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
തുടർന്ന് ഉച്ചയ്ക്ക് 2.40ന് ഹെലികോപ്‌റ്റർ മാര്‍ഗം ഖാര്‍ഗെ തിരുവനന്തപുരത്ത് നിന്ന് വൈക്കത്തേക്ക് തിരിക്കും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്‌ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിൽ എത്തും. എട്ട് മണിക്ക് കൊച്ചിയില്‍ നിന്ന് അദ്ദേഹം ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെടും.