കോഴിക്കോട് : ട്രെയിനിൽ തീയിട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങൾ തേടി റെയിൽവേ പൊലീസ് ഉത്തർപ്രദേശിൽ. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ഒരു എസ് ഐയും സിവിൽ പൊലീസ് ഓഫിസറുമാണ് യു പിയിൽ എത്തിയത്. കേരള പൊലീസും യു പിയിൽ എത്തും.
അതേസമയം കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ പ്രതികരിച്ചു. സംശയത്തിലുള്ള ഒരാളെ തേടിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പിന്നാലെ മറ്റ് പല വഴിക്കും അന്വേഷണം നടക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. സംഘം ചേർന്നുള്ള വലിയൊരു ആക്രമണവും അത് ഒരു വൻ ദുരന്തമാക്കാനുള്ള ആസൂത്രണവും സംബന്ധിച്ചും പഴുതടച്ച അന്വേഷണം രഹസ്യാന്വേഷണ വിഭാഗവും നടത്തുന്നുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശി റാസിഖിൻ്റെ മൊഴി അന്വേഷണ സംഘം വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിൽ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അനിൽ കുമാറിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു. അനിൽ കുമാറിന് 35 ശതമാനം പൊള്ളലേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പ്രകാശൻ ആശുപത്രി വിട്ടു. ആക്രമണത്തിന് ഇരയായവരിൽ ഏഴ് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്‌ഫിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ഈ മാസം ഒന്നാം തീയതി മുതൽ ഇയാളുടെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. ഫരീദാബാദിൽ നിന്നാണ് ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയതെന്ന് പൊലീസ് പറഞ്ഞു. ഫാറൂഖ് എന്ന പേരിലാണ് ഇയാൾ സിം കാർഡ് എടുത്തിട്ടുള്ളതെന്നും നേരത്തെ രാജ്യത്തിൻ്റെ പലയിടങ്ങളിലും ഇയാൾ യാത്ര ചെയ്‌തതായും പൊലീസിന് വിവരമുണ്ട്.