ന്യൂഡല്‍ഹി: യുനെസ്‌കോയുടെ സർഗാത്മക നഗരങ്ങളിൽ കോഴിക്കോടിനൊപ്പം ഇടംപിടിച്ച് ഗ്വാളിയോറും. യുനെസ്‌കോയുടെ സംഗീത നഗര പദവി നേടുന്ന നഗരമായാണ് മധ്യപ്രദേശിലെ ഗ്വാളിയോര്‍ ലോകത്തിന് മുന്നില്‍ സ്ഥാനം ഉറപ്പിച്ചത്. അതേസമയം ലോക നഗര ദിനമായ ഒകടോബര്‍ 31 നാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള 55 നഗരങ്ങളുടെ പേരുകളുമായി യുനെസ്‌കോ സർഗാത്മക നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
വികസനത്തിനൊപ്പം സംസ്‌കാരവും സർഗാത്മകതയും പ്രയോജനപ്പെടുത്തിക്കൊണ്ട് മനുഷ്യ കേന്ദ്രീകൃത നഗരാസൂത്രണത്തിൽ പുത്തന്‍ കാല്‍വയ്‌പ്പുകള്‍ നടത്തിയ നഗരങ്ങളെയാണ് യുനെസ്‌കോ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വ്യത്യസ്‌ത വിഭാഗങ്ങളിലായി ഇടംപിടിച്ച ഈ 55 നഗരങ്ങളെ പിന്നീട് യുനെസ്കോ ഡയറക്‌ടർ ജനറൽ ഓഡ്രി അസൗലെ അതാത് പദവികള്‍ നല്‍കി അംഗീകരിക്കുകയായിരുന്നു.
പട്ടികയില്‍ ആരെല്ലാം: കോഴിക്കോടിനും ഗ്വാളിയോറിനും പുറമെ ബുഖാറ (ക്രാഫ്റ്റ്‌സ് ആൻഡ് ഫോക്ക് ആർട്ട്), കസബ്ലാങ്ക (മീഡിയ ആർട്‌സ്), ചോങ്‌കിങ് (ഡിസൈൻ), കാഠ്‌മണ്ഡു (ഫിലിം), റിയോ ഡി ജനീറോ (സാഹിത്യം), ഉലാൻബാതർ (ക്രാഫ്റ്റ്‌സ് ആൻഡ് ഫോക്ക് ആർട്ട്) എന്നിവയും യുനെസ്‌കോയുടെ സർഗാത്മക നഗരങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുന്നു.
നൂറിലധികം രാജ്യങ്ങളിലെ 350 നഗരങ്ങളില്‍ നിന്നും ക്രാഫ്റ്റ്‌സ് ആൻഡ് ഫോക്ക് ആർട്ട്, മീഡിയ ആർട്‌സ്, ഡിസൈൻ, ഫിലിം, ഗ്യാസ്ട്രോണമി, സാഹിത്യം, സംഗീതം എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ പരിഗണിച്ചാണ് യുനെസ്‌കോ തങ്ങളുടെ 55 നഗരങ്ങളടങ്ങുന്ന സർഗാത്മക നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
Also Read: കലയുടെ കോഴിക്കോടന്‍ പെരുമ...; യുനെസ്കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരം
അഭിമാനമായി കോഴിക്കോട്:യുനെസ്കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമായാണ് കോഴിക്കോട് പട്ടികയില്‍ ഇടം പിടിച്ചത്. 55 സർഗാത്മക നഗരങ്ങളിൽ ഒന്നായാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചതെന്ന് യുനെസ്കോയും കോഴിക്കോട് കോർപ്പറേഷനും അറിയിച്ചിരുന്നു. പുതിയ പദവി ലഭിക്കുന്നതോടെ ഈ പട്ടികയിലെ വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാഹിത്യ വിനിമയ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെ എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കും വിദേശ സന്ദർശനങ്ങൾക്കും അവസരം തുറന്നുകിട്ടും.
മാത്രമല്ല വിദേശങ്ങളിലെ പ്രശസ്‌ത എഴുത്തുകാർക്ക് കോഴിക്കോട് വന്ന് താമസിച്ച് പുസ്‌തകങ്ങൾ തർജമ ചെയ്യാനും കഴിയും. 'കില'യുടെ സഹകരണത്തോടെയാണ് കോഴിക്കോട് കോർപ്പറേഷൻ യുനെസ്‌കോ പട്ടികയിൽ ഇടം നേടാൻ ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി എഴുത്തുകാർ, പ്രസാധകർ, നിരൂപകർ, സാഹിത്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പല തട്ടിലുള്ളവരെ ഒന്നിപ്പിച്ച് സാഹിത്യ തട്ടകമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. സാഹിത്യോത്സവങ്ങൾക്കും പുസ്‌തകോത്സവങ്ങൾക്കും കോഴിക്കോട് സ്ഥിരം വേദിയാകുന്നതും പരിഗണിച്ച് കൂടിയാണ് സാഹിത്യനഗര പദവി കോഴിക്കോട് കരസ്ഥമാക്കിയത്. കൂടാതെ കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ (കെഎൽഎഫ്) ഉൾപ്പെടെയുള്ള സാഹിത്യ സംഗമത്തിന് വർഷങ്ങളായി നഗരം വേദിയാകുന്നതും കോഴിക്കോടിന് നേട്ടമായി.
Also Read: ''ശ്രേഷ്ഠം! തെലങ്കാനയിലെ രാമപ്പ ക്ഷേത്രം യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക്; അഭിനന്ദനവുമായി പ്രധാനമന്ത്രി