ചെന്നൈ: ആദിവാസി കുടുംബത്തിന് സിനിമ കാണാൻ പ്രവേശനം നിഷേധിച്ച തിയേറ്റർ ജീവനക്കാർക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ ചെന്നൈയിലെ രോഹിണി തിയേറ്ററിലെ രണ്ട് ടിക്കറ്റ് ചെക്കർമാർക്കെതിരെയാണ് കോയമ്പേട് പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം.
കാശ് കൊടുത്ത് ടിക്കറ്റ് എടുത്തിട്ടും നരിക്കുറവർ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ടിക്കറ്റ് പരിശോധകർ പ്രവേശനം നിഷേധിക്കുകയായിരുന്നു. തിയേറ്ററിലേക്ക് കയറാനാവാതെ ഇവർ വാതിൽക്കൽ തന്നെ നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് വലിയ വിമർശനങ്ങൾ തിയേറ്ററിനെതിരെ ഉയർന്നു.
നരിക്കുറവർ സമുദായത്തിൽപ്പെട്ടവർ ആയതുകൊണ്ടാണോ തിയേറ്ററിലേക്ക് പ്രവേശനം നിഷേധിച്ചതെന്ന് ട്വിറ്ററിലൂടെ പലരും ചോദിച്ചു. തുടർന്ന് 12 വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം യു/എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ കാണാൻ എത്തിയതുകൊണ്ടാണ് കുടുംബത്തിനെ തടഞ്ഞതെന്ന വിശദീകരണവുമായി തിയേറ്റർ മാനേജ്‌മെന്‍റ് രംഗത്തെത്തി.
കുട്ടികൾക്കൊപ്പം 'പത്ത് തല' എന്ന സിനിമ കാണാൻ കുറച്ചാളുകൾ എത്തിയിരുന്നു. എന്നാൽ, യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണിത്. നിയമപ്രകാരം, 12 വയസിൽ താഴെയുള്ള കുട്ടികളെ യു/എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ കാണിക്കാൻ അനുവദിക്കില്ല.
കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടികൾ 2,6,8,10 വയസുള്ളവരായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് പരിശോധകൻ അവർക്ക് പ്രവേശനം നിഷേധിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകൾ വിഷയം വളച്ചൊടിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിച്ചു. ഈ കുടുംബം തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്ന വീഡിയോയും രോഹിണി സിൽവർ സ്‌ക്രീൻസ് പങ്കുവച്ചു.