ജയ്‌പൂര്‍:ഞായറാഴ്‌ച ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജസ്ഥാനിലെ കോട്ട ജില്ല ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 20ലധികം ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് നടപടി. വര്‍ധിച്ചുവരുന്ന ആത്മഹത്യകളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ആശങ്ക അറിയിച്ചു.
കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുത്. അവര്‍ ആഗ്രഹിക്കുന്നത് പോലെ ആകട്ടെയെന്ന് അശോക് ഗെലോട്ട് പറഞ്ഞു. മാത്രമല്ല, കലക്‌ടര്‍ ഒപി ബങ്കറിന്‍റെ നേതൃത്വത്തില്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കോട്ടയില്‍ ഇന്ന് ജില്ല തല യോഗം ചേര്‍ന്നു.
'നിരവധി പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരും, ഹോസ്‌റ്റല്‍ അധികൃതരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് പുറമെ ഹോസ്‌റ്റല്‍ മുറികളും വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി പഠിക്കുകയാണ്. അവര്‍ക്ക് വിശ്രമിക്കാന്‍ ഒരു അവസരം ലഭിക്കുന്നില്ല. ഞായറാഴ്‌ച അവധി ദിനമാക്കണമെന്ന് അറിയിച്ച് നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു'- ജില്ല കലക്‌ടര്‍ പറഞ്ഞു.
തൂങ്ങിമരണങ്ങള്‍ കുറയ്‌ക്കാന്‍ ഫാനുകളില്‍ പ്രത്യേക സംവിധാനം: എല്ലാ ഞായറാഴ്‌ചകളിലും പരീക്ഷകള്‍ ഒഴിവാക്കി മോട്ടിവേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കണമെന്ന് ഹോസ്‌റ്റല്‍ അധികൃതര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൂങ്ങിമരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഫാനുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ഘടിപ്പിക്കണമെന്ന് കലക്‌ടര്‍ അവശ്യപ്പെട്ടു. ഈ സുരക്ഷാസംവിധാനങ്ങള്‍ എല്ലാ ഹോസ്‌റ്റലുകളിലും പിജികളിലും ഘടിപ്പിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ എത്രയും വേഗം ഇവ നടപ്പിലാക്കാന്‍ വ്യത്യസ്‌ത ഉത്തരവ് പുറപ്പെടുവിക്കാനും അധികൃതര്‍ക്ക് കോട്ട കലക്‌ടര്‍ നിര്‍ദേശം നല്‍കി.