കോലാർ:കർണാടകയിൽ മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വരുണയ്‌ക്ക് പുറമെ കോലാറിൽ കൂടി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോലാറിൽ സീറ്റ് നൽകാൻ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. പകരം കൊത്തൂർ മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയത്.
സിദ്ധരാമയ്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശനിയാഴ്‌ച കോൺഗ്രസ് പ്രവർത്തകരും സിദ്ധരാമയ്യ അനുകൂലികളും കോലാറിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ സിദ്ധരാമയ്യക്ക് വേണ്ടി കോലാർ സീറ്റ് വിട്ടുനൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിയുക്ത സ്ഥാനാർഥി കൊത്തൂർ മഞ്ജുനാഥ്. കോലാർ മണ്ഡലം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മഞ്ജുനാഥ് പറഞ്ഞത്.
ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകിയത് തന്നെ അദ്‌ഭുതപ്പെടുത്തി. താനൊരു നല്ല സംഘാടകനായതുകൊണ്ടാകാം തനിക്ക് സീറ്റ് നൽകിയത്. എന്നാൽ കോലാർ ടിക്കറ്റ് സിദ്ധരാമയ്യക്ക് നൽകണമെന്ന് താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നുണ്ട്. സിദ്ധരാമയ്യ കോലാറിൽ മത്സരിച്ചാൽ താൻ സ്വാഗതം ചെയ്യും. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കളായ രമേഷ് കുമാർ, നസീർ അഹമ്മദ്, അനിൽകുമാർ, വിആർ മഞ്ജുനാഥ്, സുദർശൻ എന്നിവർ അനുവാദം നൽകിയാൽ മത്സരിക്കാൻ താൻ തയ്യാറാണ്. കൊത്തൂർ മഞ്ജുനാഥ് പറഞ്ഞു.
കോലാറിൽ നിന്ന് സിദ്ധരാമയ്യ ഔട്ട്: സിദ്ധരാമയ്യക്ക് വരുണയിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. 2018ല്‍ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച സിദ്ധരാമയ്യ ഇത്തവണയും രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ അനുവദിക്കണമെന്നാണ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നത്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറ് മാസമായി മണ്ഡലത്തിൽ പ്രചാരണവും അദ്ദേഹം നടത്തി വരികയായിരുന്നു.