കേരളം

kerala

ETV Bharat / bharat

Kolkata Crime| കൊല്‍ക്കത്തയില്‍ നവജാത ശിശുവിനെ 4 ലക്ഷത്തിന് വിറ്റ സംഭവം: പിന്നില്‍ മനുഷ്യക്കടത്ത് റാക്കറ്റെന്ന് സംശയം - Kolkata Woman sells her new born baby

കടുത്ത ദാരിദ്ര്യം കാരണമാണ് ശിശുവിനെ വിറ്റതെന്നാണ് കുഞ്ഞിന്‍റെ അമ്മയുടെ വാദം. എന്നാല്‍, ഇത് കണക്കിലെടുക്കാതെയാണ് പൊലീസ് അന്വേഷണം

Etv Bharat
Etv Bharat

By

Published : Aug 1, 2023, 9:33 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 21 ദിവസം പ്രായമായ നവജാത ശിശുവിനെ വിറ്റ സംഭവത്തിന് പിന്നില്‍ മനുഷ്യക്കടത്ത് റാക്കറ്റെന്ന സംശയത്തില്‍ പൊലീസ്. കടുത്ത ദാരിദ്ര്യം കാരണമാണ് നവജാത ശിശുവായ പെണ്‍കുഞ്ഞിനെ വിറ്റതെന്ന് യുവതി പറയുമ്പോഴാണ് പൊലീസ് ഇത് വിശ്വാസത്തിലെടുക്കാതെ സംശയം പ്രകടിപ്പിച്ചത്. സംഭവത്തില്‍, ഇന്ന് അമ്മയടക്കം ആറുപേരാണ് അറസ്റ്റിലായത്.

ശിശുവിന്‍റെ അമ്മ (കുഞ്ഞിന്‍റെ സ്വകാര്യത മാനിച്ച് പേര് ഒഴിവാക്കുന്നു), പുറമെ ഇടനിലക്കാരായ സ്വപ്‌ന സർദാർ, പൂർണിമ കുന്ദു, കല്യാണി ഗുഹ, ലളിത ദേ എന്നിവരാണ് അറസ്റ്റിലായത്. നാല് ലക്ഷം രൂപയ്ക്ക് ശിശുവിനെ കല്യാണി ഗുഹയ്ക്കാണ് യുവതി വിറ്റത്. കല്യാണിയില്‍ നിന്നും ശിശുവിനെ പൊലീസ് രക്ഷപ്പെടുത്തുകയും തുടര്‍ന്ന് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു.

ഇതുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണര്‍ ആരിഷ് ബിലാൽ ഇടിവി ഭാരത്പ്രതിനിധിയോട് പ്രതികരിച്ചു. '21 ദിവസം പ്രായമുള്ള ശിശുവിന്‍റെ അമ്മ മറ്റ് പ്രതികളുടെ കൂടെ ഇന്ന് തന്നെ അറസ്റ്റിലായിട്ടുണ്ട്. കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതികളെ അലിപൂർ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. മനുഷ്യക്കടത്തിന് ആനന്ദ്പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.'

ALSO READ |West Bengal | നവജാത ശിശുവിനെ രണ്ട് ലക്ഷം രൂപയ്‌ക്ക് വിറ്റു; അമ്മയടക്കം നാലുപേര്‍ പിടിയില്‍

'വനിത പൊലീസ് ഉദ്യോഗസ്ഥർ പ്രതിയായ അമ്മയെ ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൽ രാജ്യാന്തര പെൺവാണിഭ സംഘത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നു. അറസ്റ്റിലായ അഞ്ച് സ്‌ത്രീകളെ പ്രത്യേകം ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.' - കൊൽക്കത്ത ജില്ല പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ശിശുവിന്‍റെ അമ്മ. കുഞ്ഞിനെ വിൽപന നടത്തിയതില്‍ മറ്റ് സ്‌ത്രീകള്‍ ഇടനിലക്കാരായി പ്രവർത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊൽക്കത്ത പൊലീസിന്‍റെ ഇന്‍റലിജൻസ് വിഭാഗം ഈസ്റ്റ് മിഡ്‌നാപൂർ ജില്ല പൊലീസുമായി ആശയവിനിമയം നടത്തിയാണ് കേസ് മുന്നോട്ട് കൊണ്ടുപോവുന്നത്.

നവജാത ശിശുവിനെ രണ്ട് ലക്ഷത്തിന് വിറ്റു; അമ്മയടക്കം നാലുപേര്‍ പിടിയില്‍:പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസില്‍ നവജാത ശിശുവിനെ രണ്ട് ലക്ഷം രൂപയ്‌ക്ക് വിറ്റതിന് അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌ത വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ജില്ലയിലെ നരേന്ദ്രപൂരിലാണ് സംഭവം. യുവതിയുടെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നവജാത ശിശുവിന്‍റെ അമ്മയ്‌ക്ക് പുറമെ, വില്‍പനയ്‌ക്ക് മധ്യസ്ഥത വഹിച്ച ദമ്പതികള്‍, കുഞ്ഞിനെ വാങ്ങിയ ഒരു സ്‌ത്രീ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

നവജാത ശിശുവിനെ യുവതി വില്‍ക്കാനുള്ള കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍, യുവതിയുടെ ഭർത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ചു. ശേഷം, അവര്‍ മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നുവെന്നും ആ ബന്ധത്തിലാണ് ഗർഭിണിയായതെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details