കൊല്‍ക്കത്ത:'ദി കേരള സ്റ്റോറി' എന്ന സിനിമയ്‌ക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി സംവിധായകന്‍ സനോജ് മിശ്രയുടെ 'ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍' എന്ന ചിത്രം. സിനിമക്കെതിരെ ഫയല്‍ ചെയ്‌ത കേസില്‍ സംവിധായകന്‍ സനോജ് മിശ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കൊല്‍ക്കത്ത പൊലീസ്. മെയ് 30ന് ആംഹെര്‍സ്റ്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.
സിനിമ പശ്ചിമ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ചിത്രത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നറിയിച്ച് സംവിധായകന് നേരത്തെ പൊലീസ് നോട്ടിസ് അയച്ചിരുന്നു.
വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ സനോജ് മിശ്ര:ചിത്രത്തിനെതിരെ വിവാദങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും തനിക്കെതിരെ വിവാദമുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നും സനോജ് മിശ്ര പറഞ്ഞു. ചിത്രത്തിലൂടെ ബംഗാളിനെ അപമാനിക്കാന്‍ താന്‍ ഉദേശിച്ചിട്ടില്ലെന്നും സമഗ്രമായ അന്വേഷണത്തിനും നിരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് സിനിമ ചിത്രീകരിച്ചതെന്നും സനോജ് മിശ്ര പറയുന്നു.
തന്‍റെ ചിത്രത്തില്‍ വസ്‌തുതകള്‍ മാത്രമാണ് വരച്ച് കാട്ടുന്നതെന്നും നിലവില്‍ പശ്ചിമ ബംഗാളില്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും സനോജ് മിശ്ര കൂട്ടിച്ചേര്‍ത്തു. വസ്‌തുതകളെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
പശ്ചിമ ബംഗാളില്‍ ധാരാളം ആള്‍ക്കൂട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഹിന്ദു മതസ്ഥരുടെ പലായനവും നടക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി നിരവധി ഗവേഷണങ്ങള്‍ താന്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ പശ്ചിമ ബംഗാളില്‍ പോയാല്‍ പിന്നെ തിരിച്ച് വരില്ല. ഞാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരല്ല. എന്നാല്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ചില സിസ്റ്റങ്ങള്‍ക്ക് എതിരാണെന്നും സനോജ് മിശ്ര കൂട്ടിച്ചേര്‍ത്തു.
പുറത്തിറങ്ങിയ ട്രെയിലറും പിന്നാലെ ഉയര്‍ന്ന വിവാദങ്ങളും:കഴിഞ്ഞ ഏപ്രില്‍ എട്ടിന് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കി തുടങ്ങിയത്. രണ്ടര ലക്ഷം പേരാണ് ഇതിനോടകം ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടത്. സ്വാതന്ത്ര്യത്തിന് മുമ്പ് പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ അഭിമാനമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും പ്രീണന രാഷ്‌ട്രീയത്തില്‍ ബംഗാള്‍ കത്തുകയാണെന്നുമാണ് ചിത്രത്തിന്‍റെ ട്രെയിലറിലെ ഉള്ളടക്കം. സംസ്ഥാനത്ത് വോട്ട് ബാങ്ക് കണക്കിലെടുത്താണ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
ബംഗാള്‍ ഇപ്പോള്‍ ഇന്ത്യയുടെ രണ്ടാമത്തെ കശ്‌മീരായി മാറിയെന്നും ട്രെയിലറില്‍ പറയുന്നു. റോഹിങ്ക്യ, എൻആർസി തുടങ്ങിയ വിവാദ വിഷയങ്ങളും സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന് വന്നു.
സിനിമ റിലീസിനൊരുങ്ങുകയാണെന്ന് സനോജ് മിശ്ര:വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ചിത്രം റിലീസ് ചെയ്യാനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്‌ക്ക് വേണ്ടിയുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ റിലീസ് ചെയ്യാനാകുമെന്നും സംവിധായകന്‍ സനോജ് മിശ്ര പറഞ്ഞു. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read:'ദ കേരള സ്റ്റോറി'യിലുള്ളത് വ്യാജമായ വിവരങ്ങൾ: ചിത്രത്തിനെതിരെ കേസെടുക്കാൻ ഡിജിപി നിര്‍ദേശം