ഷാർജ: ഐപിഎല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്ററില്‍ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 139 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 20 ഓവറില്‍ കൊല്‍ക്കത്ത 138 റൺസിന് എറിഞ്ഞ് ഒതുക്കുകയായിരുന്നു. നാല് ഓവറില്‍ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ സുനില്‍ നരെയ്‌നാണ് ബാംഗ്ലൂരിനെ എറിഞ്ഞിട്ടത്.
വിക്കറ്റ് ഒന്നും നേടാനായില്ലെങ്കിലും നാല് ഓവറില്‍ 20 റൺസ് മാത്രം നല്‍കിയ വരുൺ ചക്രവർത്തിയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ലോക്കി ഫെർഗൂസൻ നാല് ഓവറില്‍ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ബാംഗ്ലൂർ നിരയില്‍ 39 റൺസ് നേടിയ വിരാട് കോലിയാണ് ടോപ് സ്‌കോറർ. ദേവ ദത്ത് പടിക്കല്‍ 21 റൺസ് നേടി.
ഗ്ലെൻ മാക്‌സ്‌വെല്‍ (15), എബി ഡിവില്ലിയേഴ്‌സ് ( 11), ഷഹബാസ് അഹമ്മദ് (13) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ഷാർജ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് തോല്‍ക്കുന്നവർ പുറത്താകും.
ജയിക്കുന്നവർക്ക് ഫൈനലിലെത്താൻ രണ്ടാം എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടണം.
ഈ ഐപിഎല്ലോടു കൂടി ബാംഗ്ലൂരിന്‍റെ നായക സ്ഥാനം ഒഴിയുന്ന വിരാട് കോലിക്ക് ജയിച്ച് ഫൈനലിലേക്കുള്ള കടമ്പ വേഗത്തിലാക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂർ കിരീടം മാത്രം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ഇതിനു മുൻപ് 2016ല്‍ ഐപിഎല്‍ ഫൈനല്‍ കളിച്ച ബാംഗ്ലൂർ ഇത്തവണ ശക്തമായ പോരാട്ടമാണ് ടൂർണമെന്‍റിലുടനീളം കാഴ്‌ചവെച്ചത്.
കൊല്‍ക്കത്തയ്ക്കും ഇത്തവണ അഭിമാനപോരാട്ടമാണ്. 2012ലും 2014ലും ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത അതിനു ശേഷം മോശം ഫോമിലൂടെയാണ് കടന്നുപോയിരുന്നത്. ഇത്തവണ പ്ലേ ഓഫിലെത്തിയ ഇയാൻ മോർഗനും കൂട്ടർക്കും കിരീടത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഇതുവരെ 28 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതില്‍ 15 എണ്ണം ജയിച്ച കൊല്‍ക്കത്തയ്ക്കാണ് മേല്‍ക്കൈ.ടീമുകൾ ഇങ്ങനെ:
ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ്: വിരാട് കോലി ( ക്യാപ്‌റ്റൻ), ദേവ്‌ദത്ത് പടിക്കല്‍, കെഎസ് ഭരത് ( വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാൻ ക്രിസ്റ്റ്യൻ, ഷഹബാസ് അഹമ്മദ്, ജോർജ് ഗാർടൺ, ഹർഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്‌മാൻ ഗില്‍, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാർത്തിക് ( വിക്കറ്റ് കീപ്പർ), ഇയാൻ മോർഗൻ ( ക്യാപ്‌റ്റൻ), ഷാകിബ് അല്‍ ഹസൻ, സുനില്‍ നരെയ്‌ൻ, ലോക്കി ഫെർഗുസൻ, വരുൺ ചക്രവർത്തി, ശിവം മാവി.