കൊല്‍ക്കത്ത : രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരുന്ന കൊല്‍ക്കത്ത-ധാക്ക അന്താരാഷ്‌ട്ര ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജൂണ്‍ മാസത്തോടെ സര്‍വീസ് തുടങ്ങാന്‍ സാധിച്ചേക്കുമെന്ന് ത്രിപുര ഗതാഗത വകുപ്പ് അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് ധാക്ക വഴി അഗര്‍ത്തലയിലേക്ക് പോകുന്ന ബസ് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്.
അടുത്ത മാസം തന്നെ ബസ് സര്‍വീസ് നടത്താനായുള്ള നടപടികള്‍ ത്രിപുര, പശ്ചിമബംഗാള്‍, ബംഗ്ലാദേശ് ഭരണകൂടങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഏപ്രിലില്‍ സര്‍വീസ് പുനരാരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വൈകുകയായിരുന്നു.
20 മണിക്കൂര്‍ ബസ് യാത്ര :ഈ പാതയില്‍ ട്രെയിന്‍ യാത്രകള്‍ക്ക് ഏകദേശം 35 മുതൽ 38 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. എന്നാല്‍ ത്രിപുര തലസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന ബസ് ധാക്ക വഴി കൊൽക്കത്തയിലെത്താൻ ഏകദേശം 20 മണിക്കൂർ മാത്രം മതി എന്നതാണ് സര്‍വീസിനെ കൂടുതല്‍ ജനപ്രീതിയുള്ളതാക്കുന്നത്. 500 കിലോമീറ്റര്‍ ദൂരമാണ് വാഹനം സര്‍വീസ് നടത്തുന്നത്.
ടിക്കറ്റ് വില്‍പ്പന അടുത്ത മാസം മുതല്‍ ആരംഭിച്ചേക്കും. കൃഷ്‌ണനഗറിലെ ത്രിപുര റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കൗണ്ടറിൽ നിന്ന് ടിക്കറ്റ് ലഭിക്കും. ഒരാൾക്ക് ടിക്കറ്റ് വാങ്ങാൻ സാധുവായ പാസ്‌പോർട്ട്, ട്രാൻസിറ്റ് വിസയടക്കം രേഖകള്‍ ആവശ്യമാണ്.
ഒരു യാത്രക്കാരന് 2300 രൂപയാണ് നിരക്ക്. ത്രിപുരയിൽ നിന്ന് ധാക്കയിലേക്ക് മാത്രം യാത്രയ്ക്ക് 1000 രൂപ ചെലവാകും.