മുംബൈ: ചായ കുടിച്ച ശേഷം ആ കപ്പ് കഴിച്ചിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ മഹാരാഷ്‌ട്രയിലെ കോലാപൂർ സന്ദർശിക്കണം. അവിടെ ഭക്ഷ്യയോഗ്യമായ കപ്പുകൾ കാണാൻ സാധിക്കും. ഓരോ ദിനവും കുന്നു കൂടുന്ന മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന് പരിഹാരം എന്ന നിലയിൽ മൂന്നു പേർ ചേർന്നാണ് ഉപയോഗത്തിനു ശേഷം ഭക്ഷിക്കാവുന്ന ഒരു കപ്പ് എന്ന ആശയവുമായി മുന്നോട്ട് വന്നത്. പ്ലാസ്‌റ്റിക്, പേപ്പർ എന്നിവ കൊണ്ട് നിർമിക്കുന്ന കപ്പുകള്‍ സൃഷ്ടിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുക എന്നുള്ളതായിരുന്നു ഈ ആശയത്തിനു പിന്നിലെ ലക്ഷ്യം. ബിസ്‌കറ്റ് കപ്പ് എന്നാണ് ഈ പ്രത്യേക തരം കപ്പുകളുടെ പേര്. ദിഗ്‌വിജയ് ഗെയ്‌ക്‌വാദ്, ആദേഷ് കരണ്ഡെ, രാജേഷ് ഖാംകര്‍ എന്നിവർ ചേർന്നാണ് ഈ കപ്പുകൾ വികസിപ്പിച്ചെടുത്തത്.
കോലാപൂരിലെ ഭക്ഷ്യയോഗ്യമായ ബിസ്‌കറ്റ് കപ്പ്
“മാഗ്‌നറ്റ് എഡിബിള്‍ കട്‌ലറി" എന്ന പേരില്‍ ഒരു ബ്രാന്‍ഡ് തന്നെ ഇവർ മൂന്നു പേരും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
“മാഗ്‌നറ്റ് എഡിബിള്‍ കട്‌ലറി" എന്ന പേരില്‍ ഒരു ബ്രാന്‍ഡ് തന്നെ ഇവർ മൂന്നു പേരും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൈദ കൊണ്ടുള്ള ബിസ്‌കറ്റ് കപ്പുകളാണ് അവര്‍ നിർമിച്ചിരിക്കുന്നത്. നല്ല രുചിയുള്ള ഈ കപ്പുകൾ ചായ കുടിച്ചു കഴിഞ്ഞതിനു ശേഷം കഴിക്കുകയും ചെയ്യാം. ഒട്ടും തന്നെ മാലിന്യം ഉണ്ടാകാന്‍ പാടില്ല എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് അവർ ഈ കപ്പുകള്‍ വികസിപ്പിച്ചെടുത്തത്. ആരെങ്കിലും ചായ കുടിച്ച ശേഷം ഈ കപ്പ് കഴിച്ചില്ലെങ്കിൽ അത് മാലിന്യമായി കുന്നുകൂടി കിടക്കില്ല. പകരം ഏതെങ്കിലും മൃഗങ്ങൾ അതെടുത്ത് കഴിച്ചോളും. അതിലൂടെ മാലിന്യങ്ങൾ കുന്നുകൂടുന്നത് നിയന്ത്രിക്കാൻ സഹായിക്കും. അതേ സമയം ഈ കപ്പുകള്ളുടെ നിര്‍മാണ സമയത്ത് 50 ശതമാനം മാലിന്യം ഉണ്ടാകുന്നതായി ഇവർ മൂന്നു പേരും പറയുന്നു. ഈ മാലിന്യം കഴിയുന്നത്ര ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇവർ.
മന്ത്രി സതേജ് പാട്ടീലും എം.എല്‍.എ റിതുരാജ് പാട്ടീലും ഇവർ മൂന്നു പേരുടെയും സംരംഭത്തെ അഭിനന്ദിച്ചിരുന്നു. കൂടാതെ ജനങ്ങളും ഇവരെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരുന്നു. ഇവരുടെ ഈ സംരംഭം പരിസ്ഥിതി സംരക്ഷണത്തിന് വളരെയധികം സഹായകമാണ്. പരിസ്ഥിതി മലിനീകരണം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഭക്ഷ്യയോഗ്യമായ കപ്പുകളും മറ്റും നമ്മുടെ സമൂഹത്തിന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്.