ശ്രീനഗർ: അനന്ത്നാഗിൽ നിന്നും 25 കിലോമീറ്ററും ശ്രീനഗറിൽ നിന്നും 75 കിലോമീറ്ററും മാത്രം ദൂരെയുള്ള കശ്‌മീരിന്‍റെ സുവർണ കിരീടം എന്നറിയപ്പെടുന്ന കൊക്കർനാഗ് പ്രദേശം പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. കൊക്കർനാഗ് എന്ന ചെറു പട്ടണത്തിന് ആ പേര് ലഭിച്ചതിന് പിന്നിൽ നിരവധി കാര്യങ്ങളുണ്ട്. കശ്‌മീരി ഭാഷയില്‍ 'കൊക്കർ' എന്നാൽ പൂവൻ കോഴിയെന്നും 'നാഗ്' എന്നാൽ പ്രകൃതിദത്ത നീരുറവ എന്നുമാണ്.
കൊക്കർനാഗിലെ പ്രശസ്‌തമായ ബൊട്ടാണിക്കൽ ഗാർഡനിൽ ഉയർന്ന കുന്നിൻചരുവിൽ നിന്നും ഉത്‌ഭവിക്കുന്ന പ്രകൃതിദത്ത ഉറവയിലെ ജലം കോഴിയുടെ നഖങ്ങളെ അനുസ്‌മരിപ്പിക്കും വിധം പല ഭാഗങ്ങളായി ഒഴുകുന്നു. ഇങ്ങനെയാണ് കൊക്കർനാഗ് എന്ന പേര് വന്നതെന്നാണ് ഒരു സിദ്ധാന്തം.
കഥകൾ ഏറെയുള്ള കൊക്കർ നാഗ്
കശ്‌മീരിലെ സൂഫി സന്യാസി ആയിരുന്ന ഷെയ്‌ഖ് - ഉൾ - ആലം കശ്‌മീരിന്‍റെ സുവർണ കിരീടം എന്ന് കൊക്കർനാഗിനെ വിശേഷിപ്പിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യത്തിന്‍റെ മന്ത്രിയും എഴുത്തുകാരനുമായിരുന്ന അബു അൽ-ഫദൽ തന്‍റെ പുസ്‌തകമായ ഐൻ-ഇ-അക്ബരിയിൽ കൊക്കർനാഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കൊക്കർനാഗിലെ വെള്ളം ദാഹവും വിശപ്പും ശമിപ്പിക്കുമെന്നും ദഹനവ്യവസ്ഥക്ക് വളരെ ഉപയോഗപ്രദമാണെന്നുമാണ് അബു അൽ-ഫദലിന്‍റെ കൊക്കർനാഗിനെ കുറിച്ചുള്ള പരാമർശം.
നൂറ് കണക്കിന് അപൂർവയിനം ഔഷധസസ്യങ്ങൾ കൊക്കർനാഗിലെ വനങ്ങളിലുണ്ട്. നാഗദണ്ടിയിലെ വനങ്ങളിൽ വനംവകുപ്പ് ഔഷധസസ്യങ്ങളുടെ നഴ്‌സറി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നുമുള്ള സസ്യങ്ങൾ ഔഷധങ്ങൾ നിർമിക്കാൻ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട്.