ചണ്ഡിഗഡ് :ഒന്നര മാസത്തോളം പഞ്ചാബ് പൊലീസിന്‍റെ ഉറക്കം കെടുത്തിയ വ്യക്‌തി. കേവലം ഒരാളെ പിടികൂടാൻ മാത്രമായി സംസ്ഥാനമൊട്ടാകെ ആയിരക്കണക്കിന് പൊലീസുകാർ പായുന്ന കാഴ്‌ച. മാർച്ച് 18 മുതൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ അനുകൂല നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്‌പാൽ സിങ് ഒടുവിൽ പൊലീസിന്‍റെ പിടിയിലായിരിക്കുകയാണ്. നാടകീയ നീക്കങ്ങൾക്കൊടുവിൽ ജലന്ധറിൽ വച്ചാണ് അമൃത്‌പാൽ സിങ്ങിനെ പൊലീസ് വളഞ്ഞത്. ഇതേ തുടര്‍ന്ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു.
ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് അമൃത്പാൽ സിങ്ങിനായി തെരച്ചിലിലേര്‍പ്പെട്ടത്. പുലർച്ചെ ഏഴ് മണിയോടെയാണ് മോഗയിലെ റോഡെ ഗ്രാമത്തിൽവച്ച് അമൃത്പാൽ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡെ ഗ്രാമത്തിൽ അമൃത്‌പാൽ സിങ് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഗ്രാമം മുഴുവൻ പൊലീസ് വളയുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ അവസരമില്ലെന്ന് മനസിലാക്കി അമൃത്‌പാൽ സിങ് കീഴടങ്ങുകയായിരുന്നു എന്നാണ് പൊലീസിന്‍റെ വിശദീകരണം.
ആരാണ് അമൃത്‌പാൽ സിങ് : ബാബ ബകാല തെഹ്‌സിലിലെ ജല്ലുപൂർ ഖേര ഗ്രാമത്തിലാണ് അമൃത്‌പാൽ സിങ്ങിന്‍റെ ജനനം. കപൂർത്തലയിലെ പോളിടെക്‌നിക്കിലായിരുന്നു പഠനം. ശേഷം 2012ൽ ദുബായിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ലഭിച്ചതോടെ അമൃത്‌പാൽ ഇന്ത്യ വിട്ടു.
ശേഷം വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകനായ ദീപ് സിദ്ദുവിന്‍റെ മരണ ശേഷമാണ് അമൃത്‌പാൽ സിങ് വാർത്തകളിൽ ഇടം നേടുന്നത്. അതും വാരിസ് പഞ്ചാബ് ദേയുടെ തലവനായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അമൃത്പാലിന്‍റെ മടങ്ങി വരവ്. ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ ആഹ്വാനങ്ങളും പോസ്റ്റുകളുമായി കുറച്ച് വർഷങ്ങളായി അമൃത്‌പാൽ സിഖുകാർക്കിടയിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.
2021ൽ കർഷക പ്രക്ഷോഭങ്ങളിൽ ദീപ് സിദ്ദുവിനെ പിന്തുണച്ചാണ് അമൃത്‌പാൽ സിങ് മാധ്യമ ശ്രദ്ധ നേടുന്നത്. 2022 ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിലാണ് ദീപ് സിദ്ദു മരിക്കുന്നത്. പിന്നാലെ ഏതാനും മാസങ്ങൾക്കിപ്പുറം ദീപ് സിദ്ദു സ്ഥാപിച്ച വാരിസ് പഞ്ചാബ് ദേയുടെ തലവനായി ചിത്രത്തിൽ പോലുമില്ലായിരുന്ന അമൃത്‌പാൽ സിങ് ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഒരിക്കൽ പോലും സിദ്ദുവിനെ നേരിട്ട് കണ്ടിട്ടില്ലാത്ത, ഒരിക്കൽ പോലും സിഖ് തലപ്പാവോ വേഷവിധാനങ്ങളോ ധരിക്കാത്ത അമൃത്‌പാൽ സിങ് ഞെടിയിടയ്‌ക്കുള്ളിലാണ് വാരിസ് പഞ്ചാബ് ദേയുടേയും ഖലിസ്ഥാന്‍ വാദികളുടെയും നേതാവായി മാറിയത്. മയക്കുമരുന്ന് ഉപയോഗവും തൊഴിലില്ലായ്‌മയും രൂക്ഷമായ പഞ്ചാബിൽ ജനങ്ങൾക്കിടയിലെ പുതിയ ആരാധനാപാത്രമാകാൻ വളരെ കുറച്ച് നാളുകൾ മാത്രമായിരുന്നു അമൃത്‌പാൽ സിങ്ങിന് വേണ്ടിവന്നത്.
ഭിന്ദ്രൻവാല 2.0 : ഇംഗ്ലീഷിലും, ഹിന്ദിയിലും, പഞ്ചാബിയിലും സംസാരിച്ച് ആൾക്കൂട്ടത്തെ അനായാസം കൈയ്യിലെടുക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ഒപ്പമുള്ള ലവ്പ്രീതി സിങ്ങിനെ അജ്‌നാന പൊലീസ് പിടികൂടിയപ്പോൾ അമൃത്പാലിന്‍റെ അനുയായികൾ ആയുധവുമായി സ്റ്റേഷനിൽ അതിക്രമിച്ച് കയറുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അമൃത്‌പാൽ സിങ് എന്ന പേര് ആഗോളതലത്തിൽ ചർച്ചയായി തുടങ്ങുന്നത്.
ALSO READ:ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങി
താൻ വിഘടനവാദിയും ഖലിസ്ഥാൻ സ്ഥാപകൻ ജർനൈൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയും ആണെന്ന് അമൃത്‌പാൽ സിങ് തുടക്കകാലം മുതൽ തന്നെ വ്യക്‌തമാക്കിയിരുന്നു. വേഷവിധാനങ്ങളടക്കം ഭിന്ദ്രൻവാലയുടേതിന് സമാനമായതിനാൽ അനുയായികൾ അമൃത്‌പാലിനെ രണ്ടാം ഭിന്ദ്രൻവാല എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഭിന്ദ്രൻവാലയുടെ രൂപസാദൃശ്യം ലഭിക്കാൻ അമൃത്‌പാൽ സിങ് മുഖച്ഛായ മാറ്റുന്നതിനുള്ള ശസ്‌ത്രക്രിയകൾ വരെ നടത്തിയിരുന്നു എന്ന് ഇയാളുടെ അനുയായികൾ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു.