തിരുവനന്തപുരം: മലയാളം ലോകത്തിന് സമ്മാനിച്ച ഗന്ധർവ ഗായകന് ഇന്ന് എൺപത്തിമൂന്ന് വയസ്. മനോഹര ശബ്‌ദം കൊണ്ട് ലോകം കാല്‍ക്കീഴിലാക്കിയ യേശുദാസ് എന്ന ഗന്ധർവ ഗായകൻ എൺപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ ആശംസകളുമായി ആസ്വാദക ലോകം ഒപ്പം ചേരുകയാണ്. തലമുറകളെ ആസ്വാദനത്തിന്‍റെ മൂന്നാംകര കടത്തിയ യേശുദാസ് ആറ് പതിറ്റാണ്ടായി സംഗീത ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്.
സിനിമ സംഗീത ലോകം ദാസേട്ടൻ എന്ന് ഏറെ സ്നേഹത്തോടെ വിളിക്കുന്ന യേശുദാസിന് സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കമാണ് സൂപ്പർ താരങ്ങളും ആരാധകരും ആശംസകൾ നേർന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ അടക്കം യേശുദാസിന്‍റെ പിറന്നാൾ പ്രമാണിച്ച് പ്രത്യേക പ്രാർഥനകളും പൂജകളും നടന്നു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി, സിദ്ദിഖ്, മനോജ് കെ ജയൻ, എംജി ശ്രീകുമാർ എന്നിവർ പങ്കെടുത്ത പ്രത്യേക പരിപാടി കൊച്ചിയില്‍ നടന്നു. അമേരിക്കയിലായിരുന്ന യേശുദാസ് പരിപാടിയില്‍ ഓൺലൈനായി പങ്കെടുക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്‌തു.