ഹൈദരാബാദ്: 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് തെലങ്കാന സർക്കാരുമായി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് ചർച്ച നടത്തി. തെലങ്കാനയിലെ പുരോഗമന വ്യാവസായിക നയങ്ങളെക്കുറിച്ചും ടെക്‌സ്‌റ്റൈൽ മേഖലയ്‌ക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയെക്കുറിച്ചും തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു സാബു എം ജേക്കബുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സംസാഗിച്ചു.
കേരള സര്‍ക്കാരുമായുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി അറിയിച്ച കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാന സർക്കാരിന്‍റെയും കെടിആറിന്‍റെയും ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ഹൈദരാബാദിലെത്തിയത്. മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെഎൽവി നാരായണൻ, വൈസ് പ്രസിഡന്‍റ് ഓപ്പറേഷൻസ് ഹർകിഷൻ സിങ് സോധി, സി.എഫ്.ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരടങ്ങിയ ആറംഗ സംഘമാണ് ഹൈദരാബാദിലേക്കെത്തിയത്.