ശ്രീനഗര്‍:പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന കശ്‌മീരിലെത്തി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നേടി വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച ഗുജറാത്ത് സ്വദേശി കിരണ്‍ പട്ടേലിനെ അഹമ്മദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് പ്രതിയുമായി പൊലീസ് സംഘം കശ്‌മീരില്‍ നിന്ന് ഗുജറാത്തിലെത്തിയത്. കോടതിയില്‍ ഹാജരാക്കി, പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഏപ്രില്‍ നാലിനാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് സംഘം കശ്‌മീരിലെത്തിയത്. കശ്‌മീരില്‍ നിന്ന് 36 മണിക്കൂറിലധികം യാത്ര ചെയ്‌തതിന് ശേഷമാണ് പ്രതിയെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചത്. കൊവിഡ് പരിശോധനയ്‌ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കിരണ്‍ പട്ടേലിനും ഭാര്യക്കും എതിരെ വഞ്ചനാക്കുറ്റവും:അഹമ്മദാബാദില്‍ പ്രതി കിരണ്‍ പട്ടേലിനും ഭാര്യ മാലിനി പട്ടേലിനും എതിരെ മുന്‍ മന്ത്രിയുടെ സഹോദരനായ ജഗദീഷ് ചാവ്‌ദ പരാതി നല്‍കിയിട്ടുണ്ട്. പഴയ വീട് പുതുക്കി പണിതതുമായി ബന്ധപ്പെട്ട് പരാതിക്കാരനില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാലിനി പട്ടേലിനെ ചോദ്യം ചെയ്യുന്നതിനായി ഏപ്രില്‍ മൂന്ന് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
വില്‍ക്കാന്‍ വച്ച ഷിലാജിലെ ചാവ്ദയുടെ പേരിലുള്ള ബംഗ്ലാവ് വിറ്റ് കൊടുക്കാന്‍ സഹായിക്കാമെന്നും താന്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍റാണെന്നും പറഞ്ഞാണ് മാലിനി പട്ടേലും കിരണ്‍ പട്ടേലും ജഗദീഷ് ചാവ്ദയെ സമീപിച്ചത്. ബംഗ്ലാവ് നവീകരിച്ചാല്‍ കൂടുതല്‍ വില ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലക്ഷണകണക്കിന് പണം കൈക്കലാക്കുകയായിരുന്നു.
വ്യജന്‍ ചമയലും കശ്‌മീര്‍ സന്ദര്‍ശനവും: ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് കിരണ്‍ പട്ടേല്‍ ജമ്മു കശ്‌മീരിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലെ അഡിഷണല്‍ ഡയറക്‌ടര്‍ എന്ന വ്യാജേന കശ്‌മീരിലെത്തിയ ഇയാള്‍ക്ക് ഭരണകൂടവും പൊലീസും ഒരുക്കിയത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ.
കശ്‌മീരിലെ ഉന്നതരുമായി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഇയാള്‍ ചര്‍ച്ച നടത്തുകയും ചെയ്‌തു. ലാല്‍ചൗക്കിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. രണ്ട് തവണ ഇത്തരത്തില്‍ ഇയാള്‍ കശ്‌മീരിലെത്തുകയും സന്ദര്‍ശനം നടത്തുകയും ചെയ്‌തിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയും സന്ദര്‍ശനത്തിനെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു.
കിരണ്‍ പട്ടേലിനെതിരെ നിരവധി കേസുകള്‍:അഹമ്മദാബാദില്‍ പട്ടേലിനെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഷിലാജില്‍ ബംഗ്ലാവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസ്. വ്യാജ ഐഡി കാര്‍ഡും രേഖകളും ചമച്ച കേസ്. നരോദയിലും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കൂടാതെ അഹമ്മദാബാദില്‍ നാല് വര്‍ഷം വാടക നല്‍കാതെ താമസിച്ച് ഉടമയെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള കേസ്.
കിരണ്‍ പട്ടേലിനെതിരെയുള്ള മുഴുവന്‍ കേസുകളിലും പൊലീസ് അന്വേഷണം നടത്തും. തട്ടിപ്പ് കേസുകളില്‍ ഇയാള്‍ക്ക് സഹായികളായി ആരെങ്കിലും ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും.
also read:വിഐപി ചമഞ്ഞെത്തി; കശ്‌മീര്‍ ഭരണകൂടമൊരുക്കിയത് ഇസഡ് പ്ലസ് സുരക്ഷ; ഒടുക്കം വ്യാജന്‍ അറസ്റ്റില്‍