കൊല്‍ക്കത്ത: ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം കൂടിയാണ് ശേഷിക്കുന്നത് (Cricket world cup 2023). വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 5) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ഇന്ത്യ ആതിഥേയരാവുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പിന് തുടക്കം കുറിക്കുക. ഞായറാഴ്‌ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വച്ച് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
എഷ്യ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടത് തുടയ്‌ക്ക് പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു. അക്‌സറിന് പകരം അവസാന നിമിഷം വെറ്ററന്‍ ഓഫ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടി. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും മികവ് കാട്ടിയിട്ടുളള അശ്വിന്‍റെ വരവ് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ സന്തുലിതമാക്കിയേക്കാം എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
ഈ അവസരത്തില്‍ മുന്‍ ചീഫ് സെലക്‌ടര്‍ കിരണ്‍ മോറും ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് (Kiran More On Cricket World Cup 2023 Indian Team). ഇത് ഇന്ത്യയുടെ എറ്റവും മികച്ച കോമ്പിനേഷനിലുളള ടീമാണെന്ന് അദ്ദേഹം പറയുന്നു. നമുക്കുളളത് എറ്റവും മികച്ച ടീമാണ്. ടീമിന് നല്ല ബാലന്‍സുണ്ട്. വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുളള എല്ലാ ബൗളര്‍മാരും നമുക്കുണ്ട് എന്നതാണ് പ്ലസ്.
പരിക്കുകളെയെല്ലാം മാറ്റിനിര്‍ത്തി മികച്ച പ്രകടനം നടത്താന്‍ അവര്‍ തയ്യാറാണ്. ആവശ്യമുളള ഒരേയൊരു കാര്യം മത്സരങ്ങളില്‍ താളം കണ്ടെത്തുക മാത്രമാണ്. അവര്‍ 2023 ലോകകപ്പിനായി സജ്ജമാണ്, മുന്‍ ഇന്ത്യന്‍ താരം കൂടിയായ കിരണ്‍ മോര്‍ ഫോണ്‍ ചാറ്റിലൂടെ ഇടിവി ഭാരതിനോട് പറഞ്ഞു.