ബഹാഗ (ബിഹാര്‍): വീടിനകത്തെ ഗോവണിപ്പടിയില്‍ കണ്ടെത്തിയത് രാജവെമ്പാല കൂട്ടവും 60 മുട്ടകളും. ബഗാഹയിലെ മധുബനി ബ്ലോക്കിലുള്ള അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന മദൻ ചൗധരിയുടെ വീടിന്‍റെ ഗോവണിപ്പടിയിലാണ് 24 രാജവെമ്പാലകളെയും 60 പാമ്പിന്‍ മുട്ടകളും കണ്ടെടുത്തത്. വീട്ടിലെ ഗോവണിയുടെ ഒരറ്റത്തായി വീട്ടുകാർ സൂക്ഷിച്ചിരുന്ന പഴയ ഡ്രസ്സിങ് ടേബിളിനടിയിലാണ് പാമ്പുകൾ നിലയുറപ്പിച്ചിരുന്നത്. വീട്ടില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് കാണുന്നതും ഇവ തമ്പടിച്ചിരുന്ന സ്ഥലം കണ്ടെത്തുന്നതും.
ഗോവണിപ്പടിക്ക് സമീപത്തായി ഒരു പാമ്പിനെ കണ്ടതോടെ കുട്ടികള്‍ അലറിവിളിച്ച് ബഹളമുണ്ടാക്കി. ഇതോടെ വീട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തി. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് ഇവര്‍ പാമ്പിനായി തെരച്ചില്‍ ആരംഭിച്ചു. അങ്ങനെയാണ് പഴയ ഡ്രസ്സിങ് ടേബിളിന് താഴെയായി പാമ്പിന്‍ കൂട്ടം തമ്പടിച്ചതായി കണ്ടെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. എന്നാല്‍, മദന്‍ ചൗധരിയുടെ വീട്ടില്‍ പാമ്പിന്‍ കൂട്ടത്തെ കണ്ടതായുള്ള വാര്‍ത്ത പ്രചരിച്ചതോടെ സമീപവാസികളും ഇവിടേക്കെത്തി. ഈസമയം പാമ്പുപിടുത്തക്കാരന്‍ പാമ്പുകളെയെല്ലാം പിടികൂടിയിരുന്നു. പിടികൂടിയ പാമ്പുകളെ പിന്നീട് ഗണ്ഡകി നദി തീരത്ത് തുറന്നുവിടുകയായിരുന്നു.
ഉച്ചഭക്ഷണത്തില്‍ പാമ്പ്:അടുത്തിടെ ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതോടെ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയ്‌ക്ക് കീഴിലുള്ള ജോഗ്ബാനിയിലെ അമൗന സെക്കൻഡറി സ്‌കൂളിലായിരുന്നു ഈ സംഭവം. ഇതിനിടെ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നൂറിലധികം കുട്ടികളുടെ ആരോഗ്യനില വഷളായെന്ന പരാതിയുമായി ഗ്രാമവാസികൾ രംഗത്തെത്തി. 25 കുട്ടികളെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതരും അറിയിച്ചു.