ബന്ദിപോര (ജമ്മു കശ്‌മീർ):ബന്ദിപോരയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് അമ്രസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സദുനാര സ്വദേശികളായ വസീം അക്രം, യവാർ റിയാസ്, മുസാമിൽ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലും പ്രദേശവാസികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലുമാണ് മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് മുഹമ്മദ് സാഹിദ് പറഞ്ഞു.
പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയിബ പരിശീലകനായ ബാബർ എന്നയാളുമായി ഇവർക്ക് ബന്ധമുണ്ട്. അറസ്റ്റിലായവരുടെ പക്കൽ നിന്നും ഒരു തോക്ക്, ഒരു മാഗസീൻ, നാല് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. ബന്ദിപോരയിലെ പ്രാദേശിക തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കാൻ ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഏതെങ്കിലും ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ബാബർ നിർദേശിച്ചിരുന്നുവെന്നും മുഹമ്മദ് സാഹിബ് പറഞ്ഞു.