മുംബൈ: 2022 ഓഗസ്റ്റ് 5. ഏഴാം വയസില്‍ കാണാതായ, ഇനി ഒരിയ്ക്കലും കാണില്ലെന്ന് കരുതിയ തന്‍റെ മകളെ ഒരമ്മ വീണ്ടും നേരില്‍ കണ്ടു. അതിന് വഴിയൊരുക്കിയത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ജോലിയോടുള്ള ആത്മാര്‍ഥതയും.
പൂജയുടെ അമ്മയുടെ പ്രതികരണം 2013 ജനുവരി 22നാണ് സ്‌കൂളില്‍ നിന്ന് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ മുംബൈ അന്ധേരിയില്‍ താമസിക്കുന്ന പൂനം-സന്തോഷ് ദമ്പതികളുടെ ഇളയ മകള്‍ പൂജ ഗൗഡിനെ കാണാതാകുന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ രോഹിത്തിന്‍റെ തൊട്ടുപിറകിലായി നടക്കുകയായിരുന്നു പൂജ. കുറച്ച് സമയം കഴിഞ്ഞ് സഹോദരന്‍ തിരിഞ്ഞ് നോക്കുമ്പോഴേക്കും പൂജ അപ്രത്യക്ഷയായിരുന്നു.
തുടർന്ന് പൂജയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം അന്ധേരിയിലെ ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. അന്ധേരിയിലെ പൂജയുടെ കുടുംബം താമസിക്കുന്ന ജുഹു ഗല്ലിയിലും പരിസര പ്രദേശങ്ങളിലും പൂജയുടെ ഫോട്ടോയും പോസ്റ്ററുകളും പതിച്ചു, വ്യാപക പരിശോധന നടത്തി. ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ് ഭോസലെക്കായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല.
166-ാമത്തെ കുട്ടി: രാജേന്ദ്ര ഭോസ്‌ല എസിപിയായിരുന്ന 2008-2015 കാലഘട്ടത്തില്‍ 166 കുട്ടികളെ കാണാതായ കേസുകള്‍ ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഇതില്‍ 165 കുട്ടികളേയും ഭോസ്‌ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 166-ാമത്തെ കുട്ടിയായിരുന്നു പൂജ.
സർവീസിലിരിക്കെ രണ്ട് വര്‍ഷവും വിരമിച്ചതിന് ശേഷം ഏഴ് വര്‍ഷത്തോളം ഭോസ്‌ലെ കേസ് അന്വേഷിച്ചു. തന്‍റെ പേഴ്‌സില്‍ പൂജയുടെ ഒരു ഫോട്ടോയും ഭോസ്‌ലെ കൊണ്ടുനടന്നിരുന്നു. എന്നാല്‍ ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഒരു തുമ്പും ലഭിക്കാതായതോടെ പൂജയുടെ കുടുംബവും അന്വേഷണ ഉദ്യോഗസ്ഥരും പ്രതീക്ഷ കൈവിട്ടു.
ഇതിനിടെ, മുംബൈയിലെ ജുഹു മേഖലയില്‍ വീടുകളില്‍ സഹായത്തിന് പോകുകയായിരുന്ന പ്രമീള ദേവേന്ദ്ര എന്ന യുവതി ഇതേ സ്ഥലത്ത് പുതുതായി ജോലിക്ക് കയറിയ പതിനാറുകാരിയെ പരിചയപ്പെട്ടു. സ്വന്തം കുടുംബത്തില്‍ നിന്നും നേരിടുന്ന പീഡനത്തെ കുറിച്ച് പെണ്‍കുട്ടി പ്രമീളയോട് പറഞ്ഞു. തന്‍റെ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ല താന്‍ കഴിയുന്നതെന്നും തന്നെ തട്ടിക്കൊണ്ടു വന്നതാണെന്നും പെണ്‍കുട്ടി പ്രമീളയോട് വെളിപ്പെടുത്തി.
പെണ്‍കുട്ടിയുടെ നിസഹായാവസ്ഥ കണ്ട് സഹാനുഭൂതി തോന്നിയ പ്രമീള പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്താന്‍ തീരുമാനിച്ചു. കാണാതായ പെണ്‍കുട്ടികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്നതിനിടെ പൂജയെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട പ്രമീള ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് കേസില്‍ പുനഃരന്വേഷണം ആരംഭിച്ചു.
ഒടുവില്‍ പൂജയെ കണ്ടെത്തുന്നു:ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇന്‍സ്‌പെക്‌ടർ മിലിന്ദ് ഖുർദെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒമ്പത് വര്‍ഷം മുന്‍പ് കാണാതായ പൂജയാണ് പെണ്‍കുട്ടിയെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹാരി ഡിസൂസ എന്നയാളേയും ഇയാളുടെ ഭാര്യ സിനി എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. പൂജയുടെ വീടിന് സമീപം താമസിച്ചിരുന്ന ഹാരി ഡിസൂസയും ഭാര്യയും പൂജയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കുട്ടികളില്ലാത്ത ഇവര്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പൂജയ്ക്കായുള്ള അന്വേഷണം പൊലീസ് വ്യപിപ്പിച്ചതോടെ പരിഭ്രാന്തരായ ഇവർ കര്‍ണാടകയിലെ റായ്‌ച്ചുര്‍ എന്ന സ്ഥലത്ത് ഒരു ഹോസ്റ്റലിലേക്ക് പൂജയെ മാറ്റി. 2016ല്‍ ഇവർക്ക് ഒരു മകന്‍ ജനിച്ചു.
തുടര്‍ന്ന് ഇവരുടെ മകനെ നോക്കുന്നതിനായി പൂജയെ തിരികെ മുംബൈയിലെത്തിച്ചു. പിന്നീട് പൂജയെ ഇവര്‍ നിര്‍ബന്ധിച്ച് കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്ക് പറഞ്ഞയച്ചു. ഈ സമയത്ത് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന അന്ധേരി വെസ്റ്റിലെ ഗില്‍ബേര്‍ട്ട് ഏരിയയിലേക്ക് ഇവര്‍ താമസം മാറിയിരുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ പെണ്‍കുട്ടിയെ ആരും തിരിച്ചറിയില്ലെന്ന് ഇവർ കരുതി. പ്രദേശവാസികളുമായി സംസാരിക്കാന്‍ പൂജയെ ഇവര്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയിലാണ് പ്രമീളയുമായി കുട്ടി പരിചയത്തിലാകുന്നതും പ്രമീള വഴി പൊലീസിന് കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നതും.
ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ മകളെ തിരികെ ലഭിച്ചെങ്കിലും ഒമ്പത് വര്‍ഷം വലിയ മാനസിക ക്ലേശത്തിലൂടെയാണ് കടന്നുപോയതെന്ന് പൂനം പറയുന്നു. മകളെ കാണാതായ മാനസിക പ്രയാസത്തെ തുടർന്ന് പൂജയുടെ അച്ഛന്‍ സന്തോഷ് ഗൗഡ് മരണപ്പെട്ടിരുന്നു. മകളെ തട്ടിക്കൊണ്ടുപോയവർക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പൂനത്തിന്‍റെ ആവശ്യം.
ഹണി ഡിസൂസ, സോണി എന്നിവര്‍ക്കെതിരെ ഐപിസി 363, 365, 368, 370, 374 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി അറസ്റ്റ് ചെയ്‌ത ഡിസൂസയെ ഓഗസ്റ്റ് 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.