ന്യൂഡല്‍ഹി :ഖലിസ്ഥാന്‍വാദികള്‍ (Khalistan Supporters) ഇന്ത്യയില്‍ ആക്രമണം നടത്താനൊരുങ്ങുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (National Investigation Agency). ഇതിന്‍റെ ഭാഗമായി പഞ്ചാബില്‍ കൊലപാതകങ്ങള്‍ ലക്ഷ്യമിട്ട് പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, രാജ്യ തലസ്ഥാനത്തെ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ നിന്നായി ഷാര്‍പ്പ് ഷൂട്ടര്‍മാരെ റിക്രൂട്ട് (Sharp Shooter Recruit) ചെയ്യുന്നതായും എന്‍ഐഎയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ (Hardeep Singh Nijjar) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുകയും തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
എന്‍ഐഎ വെളിപ്പെടുത്തല്‍ ഇങ്ങനെ: ഷൂട്ടര്‍മാരെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ഇവര്‍ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് വ്യാപാരികളുടെയും സഹായം സ്വീകരിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. കുപ്രസിദ്ധ ഖലിസ്ഥാന്‍ ഭീകരന്‍ (Khalistani Terrorist) അര്‍ഷ് ദല്ലയാണ് (Arsh Dalla) ഈ റിക്രൂട്ട്‌മെന്‍റ് നടപടികള്‍ മുഴുവന്‍ പരിശോധിച്ചുവരുന്നതെന്നും ഇവര്‍ പാകിസ്‌താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബയുമായി (Lashkar e Toiba) നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
ഷാര്‍പ്പ് ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്‌ത ശേഷം വിദേശ രാജ്യങ്ങളിലേക്കും, പ്രത്യേകിച്ച് പാകിസ്‌താനിലേക്കും മാറ്റാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതിനായി അര്‍ഷ് ദല്ല, ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ പാകിസ്‌താന്‍ ആസ്ഥാനമായുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സുഹൈലുമായി ഇതിനോടകം ശക്തമായ ബന്ധം സ്ഥാപിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.