ന്യൂഡല്‍ഹി:യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രക്ഷോഭം നടത്തിയവരുടെ പാസ്‌പോര്‍ട്ട് നിയമപ്രകാരം റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിനെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഖലിസ്ഥാന്‍ അനുകൂലികളായ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മാര്‍ച്ച് 25നാണ് വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നേരത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലും ലണ്ടനിലും ഇത്തരം സംഘങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ വലിയ തരത്തില്‍ ആക്രമണങ്ങളും ഉണ്ടായി.
എന്നാല്‍ യുഎസ് എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഇത്തരം അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. യു എസ് രഹസ്യാന്വേഷണ വിഭാഗവും പ്രാദേശിക പൊലീസും നടത്തിയ ഇടപെടലുകള്‍ മൂലമാണ് പ്രതിഷേധം ആക്രമണത്തിലേക്ക് നീങ്ങാതിരുന്നത്. എന്നാല്‍ റോഡിന് സമീപത്തുള്ള കെട്ടിടത്തിന്‍റെ ജനല്‍ ഗ്ലാസുകളും മറ്റും പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങള്‍ പ്രതിഷേധം നടത്തിയ സമയം ഇന്ത്യന്‍ അംബാസഡർ തരൺജിത് സിങ് സന്ധു എംബയില്‍ ഉണ്ടായിരുന്നില്ല.
മാധ്യമപ്രവർത്തകന്‍റെ മുഖത്തടിച്ച് പ്രതിഷേധക്കാര്‍:ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ വംശജനായ മാധ്യമ പ്രവര്‍ത്തകനെയും ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ചു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മാധ്യമ പ്രവർത്തകനായ ലളിത് ഝാ ആണ് പ്രക്ഷോഭകാരികളുടെ ആക്രമണത്തിന് ഇരയായത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ആക്രമണം:നേരത്തെ യു എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. മാര്‍ച്ച് 21ന് ആയിരുന്നു ഈ സംഭവം. കോണ്‍സുലേറ്റ് ആക്രമിച്ച പ്രക്ഷോഭകാരികള്‍ അവിടുത്തെ ഗ്ലാസ് ഡോറുകളും മറ്റും അടിച്ച് തകര്‍ത്തിരുന്നു.
മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു: മാര്‍ച്ച് 23ന് കാനഡയിലെ ഒന്‍റാറിയോയില്‍ നടന്ന പ്രതിഷേധത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ചു. പ്രതിമ തകര്‍ത്ത ശേഷം പ്രക്ഷോഭകാരികള്‍ അതില്‍ പെയിന്‍റ് സ്‌പ്രേ ചെയ്യുകയും ചെയ്‌തിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ആക്രമിച്ചതിന് പിന്നാലെ ആയിരുന്നു ഈ സംഭവം.
പിടികൊടുക്കാതെ അമൃത്‌പാൽ; ഇരുട്ടിൽ തപ്പി പൊലീസ്: തെരച്ചിൽ ആരംഭിച്ച് ഒരാഴ്‌ച പിന്നിട്ടിട്ടും അമൃത്പാൽ സിങ്ങിനെയും കൂട്ടാളികളെയും പിടികൂടാൻ പഞ്ചാബ് പൊലീസിന് സാധിച്ചിട്ടില്ല. നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അതേസമയം, വേഷപ്രച്ഛന്നനായി അമൃത്പാല്‍ സിങ് ഹരിയാനയിലൂടെ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു.
Also Read:പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴും വേഷപ്രച്ഛന്നനായി പട്യാലയിലും ലുധിയാനയിലും കറങ്ങി അമൃത്‌പാല്‍ സിങ് ; സിസിടിവി ദൃശ്യം പുറത്ത്