ചണ്ഡീഗഢ്/ ഫരീദ്‌കോട്ട്:ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാന്‍ നേതാവ് അമൃത്‌പാല്‍ സിങ്ങിനെ വിമര്‍ശിച്ച് വാരിസ് പഞ്ചാബ് സംഘടന നേതാവ് ഗുര്‍പ്രീത് സിങ്. അടുത്തിടെയായി അമൃത്‌പാല്‍ സിങ് സ്വീകരിച്ച അക്രമാസക്തമായ നടപടികളെ വിമര്‍ശിച്ചാണ് ഗുര്‍പ്രീത് രംഗത്തെത്തിയത്. ഒളിവില്‍ കഴിയുന്ന അമൃത്‌പാല്‍ സിങ്ങിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ഫരീദ്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് വാരിസ് പഞ്ചാബ് സംഘടന പ്രവര്‍ത്തകരില്‍ ഗുര്‍പ്രീതും ഉള്‍പ്പെട്ടിരുന്നു.
കേസില്‍ ജാമ്യം നേടിയ ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഗുര്‍പ്രീത് മാധ്യമങ്ങളോട് സംസാരിച്ചത്. ദീപ് സിദ്ദുവിനൊപ്പം ചേര്‍ന്ന് വാരിസ് പഞ്ചാബ് സംഘടന രൂപീകരിച്ച് സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്‌തതായി ഗുർപ്രീത് മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കളെ മയക്ക് മരുന്ന് പോലുള്ള മാരകമായ കുറ്റങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമം നടത്തിയിരുന്നപ്പോള്‍ ഞങ്ങള്‍ അമൃത് പാല്‍ സിങ്ങിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ അമൃത്‌പാല്‍ സിങ് മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതോടെ അമൃത് പാല്‍ സിങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വാരിസ് പഞ്ചാബ് ഡി നേതാവ് ലവ്‌പ്രീത് സിങ് തൂഫന്‍റെ തടങ്കലിനെതിരെ അജ്‌നാല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് അമൃത്‌പാല്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും അതിന് ശേഷം അമൃത്‌പാല്‍ സിങ്ങുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും ഗുര്‍പ്രീത് സിങ് പറഞ്ഞു. മോഗ ജില്ലക്കാരായ വാരിസ് പഞ്ചാബ് ഡി സംഘടനയിൽപ്പെട്ട നിരവധി യുവാക്കള്‍ ഫർദികോട്ട് ജയിലിലുണ്ടെന്നും അവരെ വിട്ടയക്കണമെന്നും ഗുർപ്രീത് പറഞ്ഞു.
ഗുര്‍പ്രീതിനൊപ്പം മറ്റൊരു പ്രവര്‍ത്തകര്‍ കൂടി ജയില്‍ നിന്ന് പുറത്തിറങ്ങി. ഇരുവരുടെയും ജാമ്യപേക്ഷ കോടതി ഇന്നാണ് പരിഗണിച്ചത്.