ചണ്ഡിഗഡ് : ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിങ് പൊലീസിന് മുമ്പില്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ദര്‍ദാബ് സാഹിബ്, ബസാര്‍ തുടങ്ങിയ മേഖലകളില്‍ പൊലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അകാല്‍ തക്‌ത് നേതാവ് ജതേദാര്‍ വഴിയാണ് അമൃത്‌പാല്‍ സിങ് കീഴടങ്ങുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഖലിസ്ഥാന്‍ വാദി നേതാവ് തന്‍റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചാണ് കീഴടങ്ങുന്നതെന്നാണ് വിവരം. എന്നിരുന്നാലും വിവരത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ് :അതേസമയം ഗതാഗതക്കുരുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് ഒഴിവാക്കാനാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്നാണ് ഡിഎസ്‌പി രാജേഷ് കാക്കറിന്‍റെ വിശദീകരണം. അമൃത്പാലിന്‍റെ കീഴടങ്ങല്‍ അഭ്യൂഹം പുറത്ത് വന്നത് മുതല്‍ പൊലീസ് വിവിധയിടങ്ങളില്‍ പരിശോധനയും കടുപ്പിച്ചിട്ടുണ്ട്.
ജതേദാര്‍ ഹര്‍പ്രീത് സിങ് അമൃത്പാലിനോട് പഞ്ചാബ് പൊലീസിന് മുമ്പില്‍ കീഴടങ്ങാനും അന്വേഷണങ്ങളോട് സഹകരിക്കാനും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവത്തില്‍ പുതിയ വഴിത്തിരിവെന്നാണ് സൂചന. അതേസമയം പൊലീസിന് വലിയ സേനാസ്വാധീനമുണ്ടായിട്ടും എന്തുകൊണ്ടാണ് അമൃത്പാലിനെ പിടികൂടാന്‍ സാധിക്കാത്തതെന്നും അകാല്‍ തക്‌തിലെ ജതേദാര്‍ ചോദിച്ചു.
അമൃത്പാലിന്‍റെ കൂട്ടാളികളെ അറസ്‌റ്റ് ചെയ്‌ത് പൊലീസ് : എന്നാല്‍, കഴിഞ്ഞ ആഴ്‌ച തന്നെ പൊലീസ് അമൃത്പാലിനെ അറസ്‌റ്റ് ചെയ്‌തുവെന്നാണ് ഇദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ വാദം. തന്‍റെ കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിട്ടുള്ളവര്‍, പൊലീസ് ഉന്നയിക്കുന്നത് പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും ചെയ്‌തിട്ടില്ല എന്ന് അമൃത്പാല്‍ ജതേദാറിനോട് പറഞ്ഞതായും വിവരമുണ്ട്. 'നിരവധി യുവാക്കളെ പൊലീസ് വീടുകളിലെത്തി അറസ്‌റ്റ് ചെയ്‌തത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല.
പൊലീസ് ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എതിര്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാനാണ് യുവാക്കളെ അവര്‍ അറസ്റ്റ് ചെയ്‌തത്'. അമൃത്പാല്‍ അഭിപ്രായപ്പെട്ടതായി ജതേദാര്‍ പറയുന്നു. അജ്‌നല പൊലീസ് സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് അമൃത്പാല്‍ സിങ്ങുമായി ബന്ധമുള്ള ആറ് പേരെയാണ് കഴിഞ്ഞ ശനിയാഴ്‌ച(18.03.2023) പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അമൃത്പാലിനൊപ്പം മോഗയിലേയ്‌ക്ക് സഞ്ചരിക്കുമ്പോള്‍ ജലന്ധറിലെ മെഹത്‌പൂര്‍ പ്രദേശത്ത് നിന്നാണ് അവരെ പൊലീസ് പിടികൂടിയത്.
അമൃത്പാല്‍ എന്ന പിടികിട്ടാപ്പുള്ളി : പ്രദേശത്ത് പൊലീസ് തമ്പടിച്ചപ്പോള്‍ അമൃത്‌പാല്‍ റോഡുമാര്‍ഗം കടന്നുകളയുകയായിരുന്നു. പഞ്ചാബ് പൊലീസിന്‍റെ 100ലധികം വാഹനങ്ങളാണ് ഇയാളെ പിന്തുടര്‍ന്നത്. ശേഷം, അമൃത്പാലിനെ നകോഡര്‍ പ്രദേശത്ത് നിന്നും അറസ്‌റ്റ് ചെയ്‌തുവെന്ന് വിവരം പ്രചരിച്ചിരുന്നെങ്കിലും പൊലീസ് അത് നിരസിച്ചു.
ശേഷം, അമൃത്‌പാലിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അമൃത്‌പാലിന്‍റെ കൂട്ടാളികളായ 78 പേരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് സ്ഥിരീകരിച്ചു. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനെന്ന ഉദ്ദേശത്തിലായിരിക്കും അമൃത്പാല്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഔദ്യോഗികമായ സ്ഥിരീകരണം പുറത്തുവരാത്ത സാഹചര്യത്തില്‍, അമൃത്പാല്‍ കീഴടങ്ങി നിയമ നടപടികള്‍ക്ക് വിധേയനാകുമോയെന്ന് കണ്ടറിയണം. നേരത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള അമൃത്‌പാലിന്‍റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.