ന്യൂഡല്‍ഹി :ഖലിസ്ഥാന്‍ തീവ്രവാദികളും ഗുണ്ടാസംഘകളും തമ്മിലുള്ള ബന്ധത്തിനെതിരെ (Khalistan Gangster Nexus Relation) ശക്തമായ നടപടിയുമായി എന്‍ഐഎ (National Investigation Agency). ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് സംഘത്തിന്‍റെ പരിശോധന തുടരുന്നത്. പഞ്ചാബിലെ 30 സ്ഥലങ്ങളിലും രാജസ്ഥാനിലെ 13 ഇടങ്ങളിലും ഹരിയാനയില്‍ നാലിടങ്ങളിലും ഉത്തരാഖണ്ഡില്‍ രണ്ടിടത്തും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിലുമാണ് റെയ്‌ഡ് (NIA Raid In Indian States).
ഖലിസ്ഥാന്‍ തീവ്രവാദികളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളും മയക്ക് മരുന്നിനും ആയുധ ശേഖരങ്ങള്‍ക്കുമായി ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ഐഎ നടപടി. ഇന്ന് (സെപ്‌റ്റംബര്‍ 26) പുലര്‍ച്ചെയാണ് എന്‍ഐഎ പരിശോധന ആരംഭിച്ചത്. പഞ്ചാബിലെ മോഗ ജില്ലയിലെ (NIA Raid In Punjab) തഖ്‌തപുരയിലെ മദ്യ കരാറുക്കാരന്‍റെ വീട്ടില്‍ സംഘം റെയ്‌ഡ് നടത്തി.
ഗുണ്ട സംഘ തലവനായ അര്‍ഷ് ദല്ല ഇയാളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിലെ ബാജ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗണ്‍ ഹൗസിലും ഡെറാഡൂണിലെ ക്ലെമന്‍റൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലും സംഘം പരിശോധന നടത്തി. ഗണ്‍ ഹൗസില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.