ന്യൂഡൽഹി : മരണവാർത്തകൾ തള്ളി, താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ലോകത്തിന് മുന്നിൽ വീഡിയോ സന്ദേശത്തിലൂടെ എത്തി ഗുർപത്വന്ത് സിംഗ് പന്നു. ഖലിസ്ഥാൻ അനുകൂല പ്രവർത്തകനും നിരോധിത വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്‍റെ സ്ഥാപകരിലൊരാളുമായ ഗുർപത്വന്ത് യുഎസിൽ വാഹനാപകടത്തിൽ മരണപ്പെട്ടെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ പന്നു വീഡിയോ സന്ദേശമയച്ചത്.
വീഡിയോ സന്ദേശത്തിൽ ഭീഷണി :ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ തലവൻ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ മരണത്തിന് ഉത്തരവാദികൾ യുഎസ്, കാനഡ, യുകെ, ജർമ്മനി, യൂറോപ്പ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രജ്ഞരാണെന്ന് ആരോപിച്ച് അവരെ ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയിലെ സന്ദേശം. 2020ൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ദേശീയ അന്വേഷണ ഏജൻസി തീവ്രവാദിയായി പ്രഖ്യാപിക്കുകയും തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തയാളാണ് 45 കാരനായ ഹർദീപ് സിംഗ് നിജ്ജാർ. കഴിഞ്ഞ മാസം കാനഡയിൽ വച്ചാണ് നിജ്ജാർ മരണപ്പെട്ടത്.
പന്നു ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ നിൽക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കാലിഫോർണിയയിൽ കാറപകടത്തിൽ പന്നു മരണപ്പെട്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇത് തെറ്റായ വിവരമാണെന്ന് ദി ഖൽസ ടുഡേയുടെ സിഇഒയും എഡിറ്റർ ഇൻ ചീഫുമായ സുഖി ചാഹൽ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഖലിസ്ഥാനി പ്രവർത്തകർ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പന്നു മരണപ്പെട്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്.