ചെന്നൈ: കെജിഎഫ് ഫ്രാഞ്ചൈസിയുടെയും കാന്താരയുടെയും പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന പുതിയ സസ്‌പെൻസ് ത്രില്ലറാണ് ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'ധൂമം'. പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന 'ധൂമ'ത്തിന്‍റെ ട്രെയിലർ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടു. സിനിമയുടെ തീവ്രമായ ലോകത്തിലേയ്‌ക്കുള്ള ഒരു കാഴ്‌ചാണ് ട്രെയിലര്‍ നൽകുന്നത്.
'ലൂസിയ', 'യു-ടേൺ' എന്നീ ചിത്രങ്ങളിലൂടെ പേരുകേട്ട പവൻ കുമാർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തില്‍ അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്.
അവി എന്ന കഥാപാത്രത്തെ ഫഹദും ദിയ എന്ന കഥാപാത്രത്തെ അപർണയും അവതരിപ്പിക്കും. കൂടാതെ അച്യുത് കുമാർ, റോഷൻ മാത്യു, വിനീത് രാധാകൃഷ്‌ണൻ, അനു മോഹൻ, ജോയ് മാത്യു, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹോംബാലെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'ധൂമം'.
'രാജകുമാര', 'കെജിഎഫ്' സീരീസ്, 'കാന്താര' എന്നിവയുടെ വൻ വിജയത്തിന് ശേഷമുള്ള ഹോംബാലെ ഫിലിംസിന്‍റെ അടുത്ത വലിയ റിലീസായാണ് 'ധൂമ'ത്തെ അടയാളപ്പെടുത്തുന്നത്. ആക്ഷൻ പാക്ക്‌ഡ് ത്രില്ലറോട് കൂടി ആകർഷകമായ കഥ പറയുന്ന ചിത്രമാകും 'ധൂമം' എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് 'ധൂമം' റിലീസിനെത്തുന്നത്. ജൂൺ 23നാണ് 'ധൂമം' റിലീസ് ചെയ്യുന്നത്. കേരളത്തിലും കർണാടകയിലും വിപുലമായാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
'വിക്രം', 'പുഷ്‌പ', 'ജോജി' എന്നീ സിനിമകളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഫഹദിനെ മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല തെന്നിന്ത്യയിലും ആരാധകര്‍ ഏറെയാണ്. അതുപോലെ 'സൂരറൈ പോട്ര്' എന്ന തമിഴ് ചിത്രത്തിലൂടെ അപര്‍ണ ബാലമുരളി തമിഴകത്തും പേരെടുത്തു. ഈ സിനിമയിലെ പ്രകടനത്തിന് അപര്‍ണയ്‌ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
പൂർണചന്ദ്ര തേജസ്വിയാണ് 'ധൂമ'ത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയുടെ മധുരമൂറുന്ന മെലഡികളും ബാക്ക്ഗ്രൗണ്ട് സ്കോറും സിനിമയ്ക്ക് ആഴവും തീവ്രതയും നൽകുന്നു. പ്രശസ്‌ത ഛായാഗ്രാഹക പ്രീത ജയറാം ആണ് 'ധൂമ'ത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്.
'ധൂമം' പ്രോജക്‌ടിനെ കുറിച്ച് സംവിധായകന്‍ പ്രതികരിക്കുന്നുണ്ട്. ഒരു ദശാബ്‌ദത്തിലേറെയായുള്ള എന്‍റെ സ്വപ്‌ന പദ്ധതിയാണ് 'ധൂമം'. വർഷങ്ങളായി, ഈ സ്‌ക്രിപ്‌റ്റും തിരക്കഥയും പലതവണ പുനർ നിർമ്മിക്കപ്പെട്ടു. മികച്ച കഥയെ പിന്തുണയ്‌ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ് എനിക്ക് ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം ഭാഗ്യവാനാണ്. - സംവിധായകന്‍ പവൻ കുമാർ പറഞ്ഞു.
'പാച്ചുവും അത്ഭുത വിളക്കും', 'മലയന്‍കുഞ്ഞ്', എന്നീ സിനിമകളാണ് ഫഹദ് ഫാസിലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. തെലുങ്ക് ചിത്രം 'പുഷ്‌പ ദി റൂള്‍' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന കേന്ദ്രകഥാപാത്രങ്ങളിലെത്തിയ 'പുഷ്‌പ ദി റൈസി'ലും ഫഹദ് ഫാസില്‍ അഭിനയിച്ചിരുന്നു. 'പുഷ്‌പ ദി റൈസിലൂ'ടെയാണ് ഫഹദ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
Also Read:'തീ ഇല്ലാതെ പുകയില്ല'; വായ മൂടി കെട്ടി ഫഹദ്; ധൂമം ഫസ്‌റ്റ് ലുക്ക് പുറത്ത്