ഭോപ്പാല്‍ : മധ്യപ്രദേശില്‍ കെജിഎഫ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഞ്ച് ദിവസത്തിനിടെ, ഉറങ്ങിക്കിടക്കുകയായിരുന്ന നാല് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. കേസലി സ്വദേശി ശിവപ്രസാദ് ദ്രുവേ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭോപ്പാലിലെ ഖജൂരി മേഖലയില്‍ നിന്നും അവസാന കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായത്.
അഞ്ച് ദിവസത്തിനിടെ സാഗർ എന്ന പ്രദേശത്ത് മൂന്ന് സുരക്ഷ ജീവനക്കാരേയും ഭോപ്പാലില്‍ ഒരാളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭോപ്പാലില്‍ രാത്രി ഉറങ്ങിക്കിടക്കുന്ന സുരക്ഷ ജീവക്കാരനെ പ്രതി കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുന്ന ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മെയ് മാസത്തില്‍ നടന്ന മറ്റൊരു സുരക്ഷ ജീവനക്കാരന്‍റെ കൊലപാതകത്തില്‍ പ്രതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പരിഭ്രാന്തി പരത്തിയ കൊലപാതക പരമ്പര :സാഗറില്‍ തുടര്‍ച്ചയായ മൂന്ന് രാത്രികളിലായാണ് സുരക്ഷ ജീവനക്കാർ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 28ന് സാഗറിലെ ഒരു ഫാക്‌ടറിയിലെ സുരക്ഷ ജീവനക്കാരനായ കല്യാണ്‍ ലോധിയെന്നയാളെ പ്രതി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അടുത്ത രാത്രി ആര്‍ട്ട്സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ സുരക്ഷ ജീവക്കാരന്‍ ശാംബുദയാല്‍ ദുബെ എന്നയാളെ കല്ല് കൊണ്ട് തലക്കടിച്ച് കൊന്ന പ്രതി തൊട്ടടുത്ത ദിവസം ഒരു വീട്ടില്‍ വാച്ച്‌മാനായി ജോലി ചെയ്യുന്ന മംഗല്‍ സിങ് അഹിര്‍വാര്‍ എന്നയാളേയും സമാനമായി വധിച്ചു.