ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. ഡൽഹിയിൽ നടക്കുന്ന ദി റെയ്‌സിന ഡയലോഗ് ഇവന്‍റിൽ പങ്കെടുക്കാനെത്തിയതായിരുന്നു പീറ്റേഴ്‌സണ്‍. താരം തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയുടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായും പീറ്റേഴ്‌സണ്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
'നരേന്ദ്രമോദി സർ, താങ്കളുടെ പിറന്നാൾ ദിനത്തിൽ ചീറ്റപ്പുലികളുടെ മോചനത്തെക്കുറിച്ച് വളരെ ആവേശത്തോടെയും ഊഷ്‌മളമായും സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നിങ്ങളുടെ നിറഞ്ഞ പുഞ്ചിരിക്കും, ഉറച്ച ഹസ്‌തദാനത്തിനും നന്ദി. നിങ്ങളെ വീണ്ടും കാണാൻ ഞാൻ കാത്തിരിക്കുകയാണ് സർ', മോദിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം മുൻ ഇംഗ്ലണ്ട് നായകൻ ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായുമായും കെവിന്‍ പീറ്റേഴ്‌സണ്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 'ഈ പ്രഭാതത്തിലെ ഏറ്റവും മനോഹരമായ സ്വീകരണത്തിന് നന്ദി, ശ്രീ അമിത് ഷാ. ആകർഷകമായ സംഭാഷണം. ദയയും കരുതലും പ്രചോദനവും ഉള്ള മനുഷ്യൻ! നന്ദി!', എന്നായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ കാര്യവും പീറ്റേഴ്‌സണ്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഹിന്ദിയിലായിരുന്നു താരത്തിന്‍റെ ട്വീറ്റ്. 'ഇന്ത്യയിലെത്തുമ്പോൾ എപ്പോഴും വളരെ ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ആതിഥ്യമര്യാദയുള്ള ഞാൻ ഇഷ്‌ടപ്പെടുന്ന രാജ്യം. ലോകത്തിലെ എന്‍റെ പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ ഡൽഹിയിൽ കുറച്ച് ദിവസങ്ങൾ ചിലവഴിക്കുന്നു!', പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്‌തു.