കുളു (ഹിമാചൽ പ്രദേശ്) :ഇടിത്തീ പോലെ വന്നെത്തിയ പേമാരിയിലും പ്രളയത്തിലും അകപ്പെട്ടുപോയതിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല കേരളത്തില്‍ നിന്ന് കുളുവില്‍ വിനോദ യാത്രക്കെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘത്തിന്. പക്ഷേ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ ജീവിതത്തിലേക്ക് തങ്ങളെ തിരികെ കൈ പിടിച്ചുകയറ്റിയ നാച്വറല്‍ അഡ്വഞ്ചര്‍ ടീമിനെ അവര്‍ക്ക് മറക്കാനാവില്ല. നീരുറവകളും അരുവികളും കൊണ്ട് സമ്പന്നമായ കുളുവിലെത്തന്നെ ഏറെ പ്രസിദ്ധമായ മണികരണ്‍ താഴ്വരയില്‍ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയ സംഘം മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളാണ് ഈ മാസം 8 ന് ഹിമാചലില്‍ ഉണ്ടായത്.
ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്വര സന്ദര്‍ശിക്കാനെത്തിയവരായിരുന്നു ഒറ്റപ്പെട്ടുപോയ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥി സംഘം. ഖീര്‍ഗംഗയില്‍ ഇവര്‍ ട്രക്കിങ്ങില്‍ ഏര്‍പ്പെട്ടിരിക്കേയാണ് മണ്ണിടിച്ചിലും പേമാരിയും വന്നത്. 'ജൂലൈ 8 നാണ് കേരളത്തില്‍ നിന്ന് 20 വിദ്യാര്‍ഥികളടങ്ങിയ സംഘം വിനോദയാത്രയ്ക്കായി ഹിമാചലിലെത്തിയത്.
ലിയോ ടൂര്‍ കമ്പനിയാണ് ഇവരെ കുളുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്നത്. 12 വിദ്യാര്‍ഥിനികളടക്കം 20 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രളയ സമയത്ത് പ്രസിദ്ധമായ മണികരണ്‍ താഴ്വരയിലെ വിദൂര പ്രദേശമായ ഖീര്‍ഗംഗയില്‍ ട്രക്കിങ്ങിലായിരുന്നു സംഘം.
പേമാരിയെത്തുടര്‍ന്ന് മണികരണ്‍ താഴ്വരയിലെ മുഴുവന്‍ ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും, വൈദ്യുതി ഫോണ്‍ സംവിധാനങ്ങളും താറുമാറായിരുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാനോ പുറം ലോകവുമായി ബന്ധം പുലര്‍ത്താനോ സംവിധാനമില്ലാത്ത മണിക്കൂറുകള്‍. കേരളത്തില്‍ നിന്നുള്ളവരടക്കം നിരവധി കൊച്ചു കൊച്ചു ട്രക്കിങ് സംഘങ്ങള്‍ ഈ സമയം ഖീര്‍ഗംഗയിലുണ്ടായിരുന്നു.