ന്യൂഡല്‍ഹി: പബ്ലിക് അഫയേഴ്‌സ് സെന്‍റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് 2021 ല്‍ (PAI) മികച്ച ഭരണം കാഴ്‌ചവെച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. സംസ്ഥാനത്തേക്ക് ആകർഷിച്ച നിക്ഷേപം, വളർച്ച, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് 2021 തയ്യാറാക്കിയിട്ടുള്ളത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ മിഷൻ എന്നിവ അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പും കേരളത്തിന്‍റെ കൊവിഡ് പ്രതിരോധവും പബ്ലിക് അഫയേഴ്‌സ് സെന്‍റർ പഠന വിധേയമാക്കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതി സൗഹൃദം, സർവതല സ്‌പർശിയായ വികസനം എന്നിവയില്‍ കേരളം മികച്ച പ്രവർത്തനം നടത്തിയെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
മികച്ച ഭരണത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമെത്തി. ഉത്തർപ്രദേശാണ് അവസാന സ്ഥാനത്ത്. ഉത്തർപ്രദേശിന് മുകളില്‍ ബിഹാറാണ്.