ഭുവനേശ്വർ: ഒഡിഷയിലെ ഗജപതി ജില്ലയിലെ വനമേഖലയോട് ചേർന്നുള്ള അഡബയില്‍ കേരള പൊലീസ് സംഘം എത്തിയത് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തേടിയാണ്. പക്ഷേ കേരള പൊലീസിന് പ്രദേശത്തേക്ക് പോലും അടുക്കാൻ കഴിയാത്ത രീതിയിലായിരുന്നു ഗജപതി ജില്ലയിലെ കഞ്ചാവ് മാഫിയയുടെ ശക്തിയും പ്രവർത്തനവും. എന്നാല്‍ അവിടെ സഹായത്തിനായി ഒരു മലയാളിയുണ്ടായിരുന്നു. സ്ഥലം പൊലീസ് സൂപ്രണ്ട് സ്വാതി എസ് കുമാർ. പിന്നെയെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു.
ഒഡിഷ പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് സംഘം പിടികൂടിയത് ഒഡിഷയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് മാഫിയ ഗ്രൂപ്പിനെയാണ്. അതിന്‍റെ നേതാവ് ഗഞ്ച റാണി എന്നറിയപ്പെടുന്ന നമിതയെ കേരള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇവരുടെ സഹായി അരുൺ നായിക്കിനെയും പിടികൂടിയിട്ടുണ്ട്. അഡബ, ചൂധംഗ്‌പൂർ ഗ്രാമങ്ങളിൽ റെയ്‌ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.
കേരള പൊലീസ് ഒഡിഷയിലേക്ക്:തൃശൂർ ജില്ലയിലെ നെടുപുഴ പൊലീസ് സാജൻ തോമസ് എന്നയാളിൽ നിന്ന് 221 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അതോടൊപ്പം മറ്റ് അഞ്ച് പേരെയും കഞ്ചാവ് കേസില്‍ പിടികൂടിയിരുന്നു. ഇവർ ഫോൺ വഴി പണമിടപാട് നടത്തിയിരുന്നു എന്നും പൊലീസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രതികൾ ഒഡിഷയിലെ അഡബ സ്റ്റേഷൻ പരിധിയിലുള്ളവരാണെന്ന് കണ്ടെത്തി. ഈ കേസുമായി ബന്ധമുള്ളവരെ തേടിയാണ് തൃശൂർ ജില്ലയില്‍ നിന്നുള്ള പൊലീസ് സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചത്.