കേരളം

kerala

ETV Bharat / bharat

ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ കേരളം ആറാമത് ; പൊലീസ് സംവിധാനത്തില്‍ ബാക്ക്‌ ബെഞ്ചറായി സംസ്ഥാനം, നില കാത്തത് 'നീതി' - നീതി

നീതി നിര്‍വഹണത്തിന്‍റെ നാല് പ്രധാന സ്‌തംഭങ്ങളെ പരിഗണിച്ച് പുറത്തിറക്കിയ ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ കേരളത്തിന് ആറാം സ്ഥാനം, പട്ടികയില്‍ ഒന്നാമന്‍ കര്‍ണാടകയും ഏറ്റവും പിറകില്‍ ഉത്തര്‍പ്രദേശും

Kerala in Indian Justice Report 2022  Indian Justice Report 2022  Indian Justice Report  Kerala secured Sixth position in 18 states  What is in the report  ഇന്ത്യന്‍ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ കേരളം  കേരളം ആറാമത്  പൊലീസ് സംവിധാനത്തില്‍ കേരളം  ബാക്ക്‌ ബെഞ്ചറായി സംസ്ഥാനം  നില കാത്തത് നീതി  റിപ്പോര്‍ട്ട്  കര്‍ണാടക  പൊലീസ്  ജുഡീഷ്യറി  ജയിലുകള്‍  നിയമസഹായം  നീതി നിര്‍വഹണത്തിന്‍റെ നാല് പ്രധാന സ്‌തംഭങ്ങള്‍  നീതി  ഇന്ത്യന്‍ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍
ഇന്ത്യന്‍ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ കേരളം ആറാമത്

By

Published : Apr 5, 2023, 10:01 PM IST

Updated : Apr 5, 2023, 10:38 PM IST

ഹൈദരാബാദ് : പൊലീസ്, ജുഡീഷ്യറി, ജയിലുകള്‍, നിയമസഹായം തുടങ്ങി നീതി നിര്‍വഹണത്തിന്‍റെ നാല് പ്രധാന സ്‌തംഭങ്ങളെ പരിഗണിച്ചുള്ള 2022 ലെ ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ (ഐജെആര്‍) കേരളം ആറാം സ്ഥാനത്ത്. ഒരു കോടിയിലധികം ജനസംഖ്യയുള്ള വലുതും ഇടത്തരവുമായ 18 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് കേരളം ആറാം സ്ഥാനത്തുള്ളത്. 2022 ലെ ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. റിപ്പോര്‍ട്ടില്‍ ഏറ്റവും അവസാനമുള്ളത് ഉത്തര്‍പ്രദേശുമാണ്.

പട്ടികയില്‍ മുന്നിലാരെല്ലാം, പിന്നിലാരെല്ലാം: കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം നാലാം സ്ഥാനത്തുള്ള ഗുജറാത്തിനും അഞ്ചാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിനും പിറകിലായാണ് കേരളത്തിന്‍റെ സ്ഥാനം. പൊലീസ്, ജുഡീഷ്യറി, ജയിലുകള്‍, നിയമസഹായം എന്നീ സ്‌തംഭങ്ങള്‍ക്ക് വകയിരുത്തിയ ബജറ്റ് വിഹിതം, മാനവ വിഭവശേഷി, ജോലിഭാരം, അടിസ്ഥാന സൗകര്യങ്ങൾ ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ച് 10 ല്‍ 5.36 പോയിന്‍റുകളുമായാണ് കേരളം ദേശീയതലത്തില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് -1

ഇത് കൂടാതെ ഒരു കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം സിക്കിമും, രണ്ടാം സ്ഥാനം അരുണാചല്‍ പ്രദേശും മൂന്നാം സ്ഥാനം ത്രിപുരയും കരസ്ഥമാക്കിയതായും ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട 2020 ലെ ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ത്രിപുര ഒന്നാം സ്ഥാനത്തും, സിക്കിം രണ്ടാം സ്ഥാനത്തും, അരുണാചല്‍ പ്രദേശ് അഞ്ചാം സ്ഥാനത്തുമായിരുന്നു.

റിപ്പോര്‍ട്ടില്‍ കേരളം :നീതി നിര്‍വഹണത്തിന്‍റെ നാല് സ്‌തംഭങ്ങളിലുമായുള്ള കേരളത്തിന്‍റെ കണക്കുകളിലേക്ക് കടന്നാല്‍ പൊലീസ് സംവിധാനത്തില്‍ സംസ്ഥാനം 17ാം സ്ഥാനത്താണ്. എന്നാല്‍ 2020 ലെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനം 14ാം സ്ഥാനത്തും, 2019 ല്‍ 13ാം സ്ഥാനത്തുമായിരുന്നു. ജയില്‍ സംവിധാനവുമായി ബന്ധപ്പെട്ട കണക്കുകളില്‍ സംസ്ഥാനം ഇത്തവണ നാലാം സ്ഥാനം സ്വന്തമാക്കി. 2020 ലെ റിപ്പോര്‍ട്ട് പ്രകാരം ഇത് അഞ്ചാം സ്ഥാനവും 2019 ല്‍ ഇത് ഒന്നാം സ്ഥാനവുമായിരുന്നു.

ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് -2

നീതിവ്യവസ്ഥയുടെ കാര്യത്തില്‍ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഒരു സ്ഥാനം താഴെയായി നാലാം സ്ഥാനത്താണ് സംസ്ഥാനമുള്ളത്. മുന്‍ റിപ്പോര്‍ട്ട് പ്രകാരം മൂന്നും അഞ്ചും സ്ഥാനങ്ങളായിരുന്നു. ഇനി നിയമസഹായത്തിലേക്ക് നീങ്ങിയാല്‍ സംസ്ഥാനം ആറാം സ്ഥാനത്താണുള്ളത്. 2020 നെ പരിഗണിച്ചാല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും 2019 ലെ ഒന്നാം സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനം ഏറെ പിറകിലാണ്. എന്നാല്‍ ഈ നാല് മേഖലകളില്‍ പരിഗണിച്ച 60 സൂചികകളില്‍ 38 സൂചികകളില്‍ സംസ്ഥാനം നില മെച്ചപ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.

പൊലീസിന് എന്തുപറ്റി :പൊലീസ് സംവിധാനത്തില്‍ സംസ്ഥാനം ഏറെ പിറകിലേക്ക് പോയതായാണ് ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊലീസ് സംവിധാനത്തില്‍ റിപ്പോര്‍ട്ടിനായി പരിഗണിച്ച 18 സംസ്ഥാനങ്ങളില്‍ 17ാം സ്ഥാനത്താണ് കേരളമുള്ളത്. മാത്രമല്ല വനിത പൊലീസുകാരുടെ എണ്ണത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതായത് കേരളത്തിലെ ഒരു പൊലീസ് സ്‌റ്റേഷന്‍ പരിഗണിച്ചാല്‍ 0.1 ശതമാനം വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരും, 6.9 ശതമാനം മാത്രം വനിത കോണ്‍സ്‌റ്റബിള്‍മാരും മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇത്തരത്തിലാണെങ്കില്‍ സംസ്ഥാന പൊലീസിലെ വനിത സാന്നിധ്യം 33 ശതമാനത്തിലെത്താന്‍ ഉദ്ദേശം 87 വര്‍ഷമെടുക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 2020-21 കാലയളവില്‍ ഒരു പൊലീസുകാരനായി ചെലവഴിച്ചത് 936 രൂപ മാത്രമാണെന്നും ഇത്തവണത്തെ ഇന്ത്യന്‍ ജസ്‌റ്റിസ് റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് -3

'നീതി'യുടെ കേരളം : നീതിന്യായ സംവിധാനത്തിനായുള്ള ബജറ്റ് വകയിരുത്തലില്‍ കേരളം 9.9 പോയിന്‍റ് പുരോഗതി കൈവരിച്ചുവെന്നാണ് 2022 ലെ ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് പറയുന്നത്. 1987 ലെ ലോ കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരം ഒരു ദശലക്ഷം ആളുകൾക്ക് 50 ജഡ്ജിമാരാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ കേരളത്തിലെ വനിത ഹൈക്കോടതി ജഡ്ജിമാർ ദേശീയ ശരാശരിയേക്കാൾ 3.1ശതമാനം കൂടുതലാണെന്നും കേരളത്തിലെ വനിത സബ് കോടതി ജഡ്ജിമാർ ദേശീയ ശരാശരിയേക്കാൾ 8 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല സംസ്ഥാനത്തെ പാനല്‍ അഭിഭാഷകര്‍ ദേശീയ ശരാശരിയേക്കാള്‍ 2.1 ശതമാനം കൂടുതലാണെന്നും പാര ലീഗല്‍ വളണ്ടിയര്‍മാര്‍ ദേശീയ ശരാശരിയേക്കാള്‍ 37.9 ശതമാനം മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൈയ്യടി നേട്ടങ്ങള്‍ ഇങ്ങനെ:സംസ്ഥാനത്തെ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചും ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. അതായത് സംസ്ഥാന ഹൈക്കോടതികളില്‍ അഞ്ച് വര്‍ഷം വരെയായി കെട്ടിക്കിടക്കുന്ന കേസുകള്‍ 47.9 ശതമാനമാണെന്നും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയായി കെട്ടിക്കിടക്കുന്ന കേസുകള്‍ 36.9 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ 14.3 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്ങനെയിരിക്കെ പരിഗണിച്ച 18 സംസ്ഥാനങ്ങളില്‍ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായുള്ള കേസുകളില്‍ 100 ശതമാനമോ അതിലധികമോ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. അതേസമയം ജില്ല കോടതികളിലേക്കുള്ള പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗ ക്വാട്ടകൾ പൂർണമായി പാലിക്കാൻ ഏതെങ്കിലും സംസ്ഥാനത്തിനോ കേന്ദ്ര ഭരണ പ്രദേശത്തിനോ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് -4

'ജാഗ്രത'യില്‍ മുന്നില്‍ :സംസ്ഥാനത്തെ 95 ശതമാനം പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിച്ചതിനും ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശമുണ്ട്. കേരളം, ആന്‍ഡമാന്‍ ആന്‍റ് നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ലഡാക്ക്, ത്രിപുര, കര്‍ണാടക, ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രമേ ഭൂരിഭാഗം പൊലീസ് സ്‌റ്റേഷനുകളിലും നൈറ്റ് വിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇത് 'ആരുടെ റിപ്പോര്‍ട്ട്': ടാറ്റ ട്രസ്‌റ്റ്‌സ് മുന്‍കൈയെടുത്ത് 2019 ലാണ് ഇന്ത്യ ജസ്‌റ്റിസ് റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആധികാരിക സർക്കാർ സ്രോതസുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പൊലീസ്, ജുഡീഷ്യറി, ജയിലുകൾ, നിയമസഹായം എന്നിവയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ഒരുമിപ്പിച്ചുള്ളതാണ് റിപ്പോർട്ട്. മാത്രമല്ല 24 മാസത്തെ നിരന്തരമായ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങുക. സെന്‍റർ ഫോർ സോഷ്യൽ ജസ്‌റ്റിസ്, കോമൺ കോസ്, കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, ദക്ഷ് (DAKSH), ടിസ്സ്-പ്രയാസ്, വിധി സെന്‍റർ ഫോർ ലീഗൽ പോളിസി, ഐജെആറിന്‍റെ ഡാറ്റ പങ്കാളിയായ ഹൗ ഇന്ത്യ ലൈവ്സ് എന്നിവയാണ് റിപ്പോര്‍ട്ടിന് പിന്നിലെ മറ്റ് പങ്കാളികള്‍.

Last Updated : Apr 5, 2023, 10:38 PM IST

ABOUT THE AUTHOR

...view details