ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ (Kerala govt approached SC against Governor). നിയമസഭ പാസാക്കിയ ബില്ലുകള്‍ പരിഗണിക്കുന്നത് ഗവര്‍ണര്‍ വൈകിപ്പിക്കുന്നു എന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ സമ്മതത്തിനായി സമര്‍പ്പിച്ച എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിഷ്‌ക്രിയത്വം കാണിക്കുന്നു എന്നാണ് സര്‍ക്കാരിന്‍റെ വാദം (Kerala gov plea against Governor).
മൂന്ന് ബില്ലുകള്‍ രണ്ട് വര്‍ഷത്തിലേറെയായി തീര്‍പ്പാകാതെ കിടക്കുന്നു. കൂടാതെ ഒരുവര്‍ഷമായി മറ്റ് മൂന്ന് ബില്ലുകളും പിടിച്ചുവച്ചിരിക്കുകയാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ (Governor Arif Mohammed Khan) നടപടി ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തെ സദ്‌ഭരണവും നിയമവാഴ്‌ചയും അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
തീര്‍പ്പാക്കാത്ത ബില്ലുകള്‍ കൂടുതല്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അടുത്തിടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തുന്നു എന്ന് കാണിച്ച് തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.