അഹമ്മദാബാദ് (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരിന്‍റെ സിഎം ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തെ പ്രശംസിച്ച് കേരള ചീഫ് സെക്രട്ടറി വി.പി ജോയ്. പൊതു സേവനങ്ങള്‍ ഫലപ്രദമായി നിരീക്ഷിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് വി.പി ജോയ് പറഞ്ഞു. ജനങ്ങളില്‍ നിന്ന് നേരിട്ട് ഫീഡ്‌ബാക്ക് ലഭിക്കുന്ന സംവിധാനം മികച്ചതാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മോഡല്‍ വികസനം പഠിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലെത്തിയത്. ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ വസതി സന്ദർശിച്ച സംഘം മൂന്ന് മണിക്കൂറാണ് ഇവിടെ ചിലവഴിച്ചത്. കേരളത്തിലും സമാനമായ സംവിധാനം സ്ഥാപിക്കാൻ ചീഫ് സെക്രട്ടറി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോഫ്‌റ്റ്‌വെയറും മറ്റ് സാങ്കേതികവിദ്യയും കൈമാറാന്‍ ഗുജറാത്ത് സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നുമാണ് വിവരം.
വകുപ്പുകളുടെ തത്സമയ പ്രവര്‍ത്തനം വിലയിരുത്തും: വകുപ്പുകളുടെ തത്സമയ പ്രവര്‍ത്തനം വിലയിരുത്തുന്ന സംവിധാനമാണ് സിഎം ഡാഷ്‌ബോര്‍ഡ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ ഗാന്ധിനഗറിലെ ഔദ്യോഗിക വസതിയിലാണ് തത്സമയ വിവരങ്ങള്‍ പ്രദർശിപ്പിക്കുന്ന വലിയ സ്‌ക്രീൻ അടങ്ങുന്ന ഡാഷ്‌ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഗുജറാത്തില്‍ വിജയ് രൂപാണി സര്‍ക്കാരാണ് സിഎം ഡാഷ്‌ബോര്‍ഡ് സംവിധാനം ആദ്യമായി നടപ്പിലാക്കിയത്.
ഡാഷ്‌ബോർഡ് ഉപയോഗിച്ച്, സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തുമുള്ള അടിസ്ഥാന സേവനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നത് മുഖ്യമന്ത്രിക്ക് നിരീക്ഷിക്കാനാകും. എല്ലാ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്നും സിസ്റ്റം ഡാറ്റ ശേഖരിക്കാനാകും. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിന് വില്ലേജ് തലം വരെയുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ വിളിച്ച് പദ്ധതിയെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ അന്വേഷിക്കാനാകുമെന്നതും പദ്ധതിയുടെ സവിശേഷതകളാണ്.
Also read: ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളം; ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്തിലേക്ക്