ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടണമെന്ന സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിചാരണ കോടതിയിലെ ജഡ്ജിക്ക് മാത്രമേ ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ കഴിയൂ എന്നും ആവശ്യമുണ്ടെങ്കിൽ വിചാരണ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിക്ക് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാമെന്നും ബെഞ്ച് വ്യക്തമാക്കി.
കോടതിയിൽ നിലവിലെ വിചാരണ കാലാവധി ഫെബ്രുവരി 16ന് അവസാനിക്കുമെന്നും അതിനാൽ വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം നീട്ടി നൽകണമെന്നും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പരമോന്നത കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടിനൽകാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സർക്കാരിന്‍റെ ഹർജിയെ എതിർത്ത ദിലീപിന്‍റെ അഭിഭാഷകൻ മുകുൾ റോത്തഗി സംസ്ഥാന സർക്കാർ വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. വിചാരണ പൂർത്തിയാക്കാനുള്ള സമയപരിധി ഇതിനകം പലതവണ നീട്ടിയിട്ടുണ്ടെന്നും 200 സാക്ഷികളെ വിസ്തരിച്ച ശേഷം കേസിൽ വിചാരണ പൂർത്തിയാകാനിരിക്കെയാണ് പുതിയ ആരോപണവുമായി മറ്റൊരാൾ എത്തിയതെന്നും മുകുൾ റോത്തഗി വാദിച്ചു.