ന്യൂഡല്‍ഹി :ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍ 2020-21 അധ്യയന വര്‍ഷം ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പ്രവേശനം നേടിയത് പെണ്‍കുട്ടികള്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ 2020-21 എഐഎസ്എച്ച്ഇയിലാണ്(All India Survey on Higher Education) കണ്ടെത്തല്‍. കേരളത്തിന് പുറമെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ചേര്‍ന്ന മറ്റ് പ്രധാന സംസ്‌ഥാനങ്ങള്‍ ഇവയാണ് : ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാള്‍, അസം, ഉത്തരാഖണ്ഡ്, തെലങ്കാന, തമിഴ്‌നാട്.
ഈ സംസ്ഥാനങ്ങളില്‍ അഡ്‌മിഷനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള അന്തരം ഏറ്റവും കുടുതലുള്ളത് കേരളത്തിലാണ്. അധ്യാപന പരിശീലന കോഴ്‌സുകളില്‍ 2020-21 ല്‍ ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ അഡ്‌മിഷന്‍ നേടിയ സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. അധ്യാപക പരിശീലന കോഴ്‌സുകളില്‍ കേരളത്തില്‍ പ്രവേശനം നേടിയവരില്‍ 80.2ശതമാനം വനിതകളാണ്. തമിഴ്‌നാട്ടിലാണ് അധ്യാപക പരിശീലന കോഴ്‌സുകളില്‍ സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ശതമാനമുള്ളത് (92ശതമാനം).
ഉന്നത വിദ്യാഭ്യാസ രംഗത്തെ എല്ലാ വിഭാഗത്തിലും വനിതകളുടെ ജിഇആര്‍(Gross Enrolment Ratio) മുപ്പതില്‍ കൂടുതലുള്ള സംസ്‌ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു. 18 മുതല്‍ 23 വരെ വയസുള്ള ഒരു സംസ്‌ഥാനത്തെ മൊത്തം സ്‌ത്രീകളില്‍ എത്ര പേര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിച്ചിട്ടുണ്ട് എന്നുള്ളതിന്‍റെ ശതമാനമാണ് വനിതകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ജിഇആര്‍.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്‌ത്രീകളുടെ ജിഇആര്‍ 30ല്‍ കൂടുതല്‍ ഉള്ള മറ്റ് സംസ്‌ഥാനങ്ങള്‍ : തമിഴ്‌നാട്, സിക്കിം, ഹിമാചല്‍ പ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഡ്, ഗോവ, പുതുച്ചേരി.പുരുഷ അധ്യാപകരേക്കാള്‍ സ്‌ത്രീ അധ്യാപകരുള്ള സംസ്‌ഥാനങ്ങളിലും കേരളം ഇടംപിടിച്ചു. ഏറ്റവും കൂടുതല്‍ കോളജുകള്‍ ഉള്ള സംസ്‌ഥാനങ്ങളില്‍ ആദ്യ പത്തില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്.
ഗുജറാത്ത്, തെലങ്കാന, കേരളം എന്നീ സംസ്‌ഥാനങ്ങളാണ് ഒരു ലക്ഷം ജനങ്ങള്‍ക്ക് ഇരുപത്തി ഒമ്പതോ അതില്‍ കൂടുതലോ കോളജുകള്‍ ഉള്ള സംസ്ഥാനങ്ങള്‍. കേരളം ഉള്‍പ്പടെയുള്ള ഒമ്പത് സംസ്‌ഥാനങ്ങളില്‍ നിന്നാണ് പോളിടെക്‌നിക് കോഴ്‌സുകളില്‍ രാജ്യത്ത് 2020-21ല്‍ പ്രവേശനം നേടിയവരില്‍ 81.03 ശതമാനവും.