ന്യൂഡൽഹി:കൊവിഡ്-19 വൈറസുകളുടെ പുതിയ സിംഗപ്പൂർ വകഭേദങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വാദത്തെ ശക്തമായി നിഷേധിച്ച് സിംഗപ്പൂർ സർക്കാരും ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും രംഗത്ത്. കൊവിഡിന്‍റെ സിംഗപ്പൂരിൽ നിന്നുള്ള പുതിയ വകഭേദം കുട്ടികളിൽ വളരെ അപകടകാരിണ്. ഇത് ഇന്ത്യയിൽ ഒരു മൂന്നാം തരംഗമായി മാറിയേക്കാമെന്നും അതുകൊണ്ട് തന്നെ സിംഗപ്പൂരിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കണമെന്നും കെജ്‌രിവാൾ ട്വീറ്ററിലൂടെ അറിയിച്ചിരുന്നു. കെജ്‌രിവാളിന്‍റെ അവകാശവാദം പിന്തുണച്ചുകൊണ്ട് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ റിപ്പോർട്ടുകളിൽ കാണപ്പെടുന്ന വാദങ്ങളിൽ യാതൊരു സത്യവുമില്ല. ഈ കാലയളവിൽ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ അധികവും ഇന്ത്യയിൽ ഉത്ഭവിച്ച ബി .1.617.2 വകഭേദമാണ്. നിലവിൽ 'സിംഗപ്പൂർ വകഭേദം' രൂപം കൊണ്ടിട്ടില്ലെന്നും സിംഗപ്പൂർ മിനിസ്ട്രി ഓഫ് ഹെൽത്ത് (എംഓഎച്ച്) പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.
കൊവിഡിന്‍റെ 'സിംഗപ്പൂർ വകഭേദം' ഇന്ത്യയിൽ മൂന്നാം തരംഗമായി മാറുമെന്ന് കെജ്‌രിവാൾ; നിഷേധിച്ച് സിംഗപ്പൂർ - മിനിസ്ട്രി ഓഫ് ഹെൽത്ത്
കൊവിഡ് കേസുകളിൽ അധികവും ഇന്ത്യയിൽ ഉത്ഭവിച്ച ബി .1.617.2 വകഭേദമാണെന്നും നിലവിൽ 'സിംഗപ്പൂർ വകഭേദം' രൂപം കൊണ്ടിട്ടില്ലെന്നും സിംഗപ്പൂർ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
വിദേശത്ത് നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍റെ വിമാനങ്ങളൊഴികെ സിംഗപ്പൂരിൽ നിന്ന് മറ്റ് വിമാനങ്ങളൊന്നും ഇന്ത്യയിലേക്ക് വരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്‌തതുപോലെ കൊവിഡിന്‍റെ സിംഗപ്പൂർ വകഭേദം ഇന്ത്യയിലേക്ക് എത്തിയിട്ടില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു. അതേസമയം 2020 മാർച്ച് മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതായും സിംഗപ്പൂരുമായി യാത്രാ ബന്ധങ്ങളില്ലെന്നും കെജ്‌രിവാളിന്‍റെ ട്വീറ്റിന് മറുപടിയായി ഹർദീപ് സിങ് പുരിയും അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:കൊവിഡ് പുതിയ വകഭേദം: വിമാന സർവീസ് റദ്ദാക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ