ന്യൂഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്ന് പഞ്ചാബിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കം ശക്തമാക്കുകയാണ് ആം ആദ്മി പാര്‍ട്ടി. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പഞ്ചാബിലെ മാന്‍സയില്‍ ഞായറാഴ്ച ആം ആദ്മി സംഘടിപ്പിക്കുന്ന കര്‍ഷക മഹാ സമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് മഹാസമ്മേളനങ്ങളാണ് ആം ആദ്മി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28ന് ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു ആദ്യ സമ്മേളനം. ഏപ്രില്‍ 14ന് ഹരിയാനിലെ ജീന്ദിലാണ് മൂന്നാമത്തെ മഹാ സമ്മളനം നടത്തുക.
പഞ്ചാബില്‍ കര്‍ഷക മഹാ സമ്മേളനവുമായി ആം അദ്മി പാര്‍ട്ടി - പഞ്ചാബ് രാഷ്ട്രീയം വാര്‍ത്ത
കര്‍ഷക പിന്തുണ നേടിയെടുത്താല്‍ പഞ്ചാബില്‍ അധികാരത്തിലേക്കുള്ള വഴി തുറക്കാമെന്ന കണക്ക് കൂട്ടലിലാണ് ആം ആദ്മി. 2022ല്‍ അധികാരത്തിലെത്തുമെന്ന് മുതിര്‍ന്ന നേതാവ് രാഗവ് ചദ്ധ അവകാശപ്പെട്ടതും ഈ കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ്.
ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ അകമഴിഞ്ഞ് സഹായിക്കുന്ന നിലപാടാണ് ആം ആദ്മി ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. സമര വേദികളിലേക്ക് കുടിവെള്ളവും വൈദ്യുതിയും ഉറപ്പ് വരുത്തുമെന്നും അം ആദ്മി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. കര്‍ഷക സമരം പൊട്ടിപ്പുറപ്പെട്ട പഞ്ചാബിലേക്ക് കെജ്രിവാളെത്തുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അക്ഷന്‍ പ്ലാനിന്‍റെ ഭാഗം കൂടിയാണത്. രണ്ടര മാസത്തെ മുന്നൊരുക്കങ്ങളാണ് മഹാസമ്മേളനത്തിനായി നടത്തിയത്. സംസ്ഥാനമെമ്പാടുമായി നിരവധി യോഗങ്ങളും സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയിരുന്നു. 19 സീറ്റുകള്‍ മാത്രമുള്ള പഞ്ചാബില്‍ കര്‍ഷക പിന്തുണ നേടിയെടുത്താല്‍ അധികാരത്തിലേക്കുള്ള വഴി തുറക്കാമെന്ന കണക്ക് കൂട്ടലിലാണ് ആം ആദ്മി പാര്‍ട്ടി. 2022ല്‍ അധികാരത്തിലെത്തുമെന്ന് പഞ്ചാബിലെ മുതിര്‍ന്ന ആപ് നേതാവ് രാഗവ് ചദ്ധ അവകാശപ്പെട്ടതും ഈ കണക്ക് കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ്.
അതേസമയം നാല് മാസത്തോളമായിട്ടും ഡല്‍ഹിയിലെ കര്‍ഷക സമരം അതിശക്തമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രാഷ്ട്രീയ നീക്കവും കര്‍ഷകര്‍ ആരംഭിച്ചിട്ടുണ്ട്.