ആദിലാബാദ് :തെലങ്കാന രാഷ്‌ട്ര സമിതിയെ ഭാരത് രാഷ്‌ട്ര സമിതിയാക്കി പുനര്‍നാമകരണം നടത്തിയ ശേഷം സംസ്ഥാനത്തിന് പുറത്ത് ആദ്യമായി മത്സരിക്കാനൊരുങ്ങി ബിആര്‍എസ്. മഹാരാഷ്‌ട്രയില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിആര്‍എസ് തീരുമാനം. ഇതിന്‍റെ ഭാഗമായി ആദിലാബാദിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവു ശനിയാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു.
'ഒരു കൈ' നോക്കാന്‍:ഇതിന് പിന്നാലെ ബല്‍ക സുമന്‍, എംഎല്‍എ ജോഗു രാമണ്ണ, മുന്‍ എംപി ഗോഡോം നാഗേഷ് ഉള്‍പ്പടെയുള്ള ആദിലാബാദ് ജില്ലയിലെ പ്രധാന നേതാക്കളുമായി തിങ്കളാഴ്‌ചയും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പില്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ (ഇസഡ്‌പിടിസി), പഞ്ചായത്ത് സമിതി അംഗം (എംപിടിസി) എന്നീ സീറ്റുകളില്‍ മത്സരിക്കാനും തീരുമാനമായി. ഒരു പഞ്ചായത് സമിതിയുടെ കീഴില്‍ മൂന്ന് ഇസഡ്‌പിടിസികളും ആറ് എംപിടിസികളും ഉള്ളതിനാല്‍ എല്ലായിടത്തും മത്സരിക്കാനാണ് ചര്‍ച്ചയിലെ തീരുമാനം. മാത്രമല്ല ഇവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകള്‍ക്കനുസരിച്ചാവും ജില്ല പഞ്ചായത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കുക.