ഹൈദരാബാദ്:തെലങ്കാനയിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. കൂറുമാറ്റാനായി ടി.ആർ.എസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും കെ.സി.ആര്‍ ആരോപിച്ചു. ടി.ആർ.എസ് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് ഒക്ടോബര്‍ 26ന് പിടികൂടിയിരിന്നു. രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഈ സംഭവം തെലങ്കാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തെലങ്കാന മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്.
എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്ന് കെ.സി.ആര്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഫോൺ രേഖകളും അദ്ദേഹം പുറത്തുവിട്ടു. സി.ബി.ഐ. ഇ.ഡി. ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് തുഷാർ പറഞ്ഞുവെന്നും കെ ചന്ദ്രശേഖര റാവു ആരോപിച്ചു. ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കുന്നതിനെപ്പറ്റിയാണ് ദൃശ്യങ്ങളിൽ പറയുന്നത്. ഞങ്ങൾ ഇതിനകം എട്ട് സംസ്ഥാന സര്‍ക്കാരുകളെ താഴെയിറക്കി. ഇപ്പോൾ നാല് സർക്കാരുകളെ അതായത് തെലങ്കാന, ഡൽഹി, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ദൃശ്യങ്ങളിൽ പറയുന്നത്.
ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് ചന്ദ്രശേഖര റാവു കടന്നു. തെലങ്കാന ഹൈക്കോടതിക്ക് വിവരങ്ങളൊക്കെ കൈമാറിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് തെളിവുകൾ കൈമാറുമെന്നും എല്ലാ അന്വേഷണ ഏജൻസികൾക്കും കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.