കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ ഇന്നും സന്ദര്‍ശനം തുടരാന്‍ ഇടത് - കോണ്‍ഗ്രസ് എംപിമാര്‍ ; ബിജെപിയുടെ ഗുണ്ടകളെ ഭയക്കില്ലെന്ന് കെസി വേണുഗോപാല്‍

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘര്‍ഷത്തില്‍ ബാധിക്കപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എളമരം കരീം ഉള്‍പ്പടെയുള്ള ഇടത് - കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിക്കപ്പെട്ടത്. പൊലീസ് സംഭവത്തില്‍ ഇടപെടാതെ കാഴ്‌ചക്കാരായി നിന്നുവെന്നും വിമര്‍ശനമുണ്ട്

INC Left front leaders attacked in Tripura  INC Left front leaders attacked by BJP in Tripura  INC Left front leaders attacked by BJP  KC Venugopal  BJP  Jairam Ramesh  എംപിമാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം  ത്രിപുരയില്‍ എംപിമാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം  ബിജെപി ഗുണ്ടകളെ ഭയക്കില്ലെന്ന് കെ സി വേണുഗോപാല്‍  കെ സി വേണുഗോപാല്‍  ബിജെപി  എളമരം കരീം  എഐസിസി  സിപിഎം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം
കോണ്‍ഗ്രസ് - ഇടത് എംപിമാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം

By

Published : Mar 11, 2023, 10:22 AM IST

ന്യൂഡല്‍ഹി : ത്രിപുരയിലെ അക്രമ ബാധിത പ്രദേശങ്ങളില്‍ ഇന്നും സന്ദര്‍ശനം തുടരുമെന്ന് ഇടത് - കോണ്‍ഗ്രസ് എംപിമാര്‍. കഴിഞ്ഞദിവസം സംഘത്തിനെതിരെ ആക്രമണമുണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ത്രിപുരയില്‍ എത്തിയ എളമരം കരീമിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെയും കണ്ട ശേഷമാകും സന്ദര്‍ശനം അവസാനിപ്പിക്കുക.

എംപിമാരുടെ സംഘത്തിന് നേരെ അക്രമം ഉണ്ടായെങ്കിലും സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് എളമരം കരീം വ്യക്തമാക്കി. 'ത്രിപുരയിലെ തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്ന ഇടങ്ങള്‍ സന്ദർശിച്ച പ്രതിപക്ഷ എംപിമാരുടെ വസ്‌തുതാന്വേഷണ സംഘത്തിന് നേരെ ബിജെപി ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടു. ഇപ്പോൾ സംസ്ഥാനത്ത് ബിജെപിയുടെ ഗുണ്ടാരാജാണ്. ക്രമസമാധാനം പൂർണമായും തകർന്നു. സന്ദർശനത്തിൽ നിന്ന് ഞങ്ങൾ ഒരിഞ്ച് പിന്നോട്ട് പോകില്ല' - എളമരം കരീം ട്വീറ്റ് ചെയ്‌തു.

അതേസമയം സന്ദര്‍ശനം തുടരാനുള്ള കോണ്‍ഗ്രസ്-ഇടത് നേതാക്കളുടെ തീരുമാനത്തെ എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ കെ സി വേണുഗോപാല്‍ സ്വാഗതം ചെയ്‌തു. ആക്രമണം നടക്കുമ്പോള്‍ പൊലീസ് നിശബ്‌ദരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ ട്വീറ്റിലൂടെ ആരോപിച്ചു. ആക്രമണ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയുടെ ട്വീറ്റ്.

'ത്രിപുരയിലെ അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഐഎന്‍സി-ഇടതുമുന്നണി പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പൊലീസ് നിശബ്‌ദരായി കാഴ്‌ചക്കാരാവുകയായിരുന്നു. ഞങ്ങൾ ഒരിക്കലും ബിജെപിയുടെ ഗുണ്ടകളെ ഭയപ്പെടുന്നില്ല. അവരുടെ ജനാധിപത്യ വിരുദ്ധവും ഭീരുത്വം നിറഞ്ഞതുമായ പെരുമാറ്റത്തിനെതിരെ നിലകൊള്ളും' - കെ സി വേണുഗോപാൽ ട്വീറ്റ് ചെയ്‌തു.

പ്രതികരിച്ച് നേതാക്കള്‍ : സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇന്നലെ രംഗത്തുവന്നിരുന്നു. 'ത്രിപുരയിലെ ബിശാൽഗഡിലും മോഹൻപൂരിലും കോൺഗ്രസ് പ്രതിനിധികളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. പ്രതിനിധി സംഘത്തെ അനുഗമിച്ച പൊലീസ് ഒന്നും ചെയ്‌തില്ല. നാളെ ബിജെപി അവിടെ വിജയറാലി നടത്തുന്നു. പാർട്ടി സ്‌പോൺസര്‍ ചെയ്‌ത അക്രമത്തിന്‍റെ വിജയം' - ജയറാം രമേശ് ട്വീറ്റ് ചെയ്‌ത്.

ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയാണ് എംപിമാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം ചൂണ്ടിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 'ത്രിപുര സന്ദർശിക്കാനെത്തിയ പ്രതിപക്ഷ എംപിമാരുടെ സംഘത്തിന് നേരെ സംഘപരിവാർ ഗുണ്ടകൾ നടത്തിയ ഹീനമായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് ഉയർത്തിക്കാട്ടുന്നത്. ത്രിപുരയിലെ ഈ ഭീകരവാഴ്‌ചയെ പരാജയപ്പെടുത്താൻ ജനാധിപത്യ ശക്തികൾ ഒന്നിക്കണം' -മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

ത്രിപുരയിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍, ബാധിക്കപ്പെട്ട കുടുംബങ്ങളെ കാണാൻ ബിശാൽഗഡ് സന്ദർശിച്ചപ്പോഴാണ് തനിക്കും കോണ്‍ഗ്രസ് എംപി അബ്‌ദുല്‍ ഖലീഖ്, എഐസിസി ഇൻചാർജ് അജോയ് കുമാർ, മറ്റ് ഇടതുപക്ഷ നേതാക്കൾ എന്നിവർക്ക് നേരെ ബിജെപി ഗുണ്ടകളുടെ ആക്രമണം ഉണ്ടായതെന്ന് കോണ്‍ഗ്രസ് എംഎൽഎ ബിരജിത് സിൻഹ പറഞ്ഞു. പൊലീസ് സംഘം ഇടപെട്ടില്ലെന്നും സിന്‍ഹ വ്യക്തമാക്കി. നേതാക്കള്‍ക്ക് നേരെ ദേഹോപദ്രവം ഉണ്ടായി. വാഹനങ്ങള്‍ അടിച്ച് തകര്‍ത്തിട്ടുമുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ സംഘര്‍ഷം : സിപിഎം നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തില്‍ എട്ടംഗ ഇടത് - കോണ്‍ഗ്രസ് നേതാക്കളുടെ സംഘമാണ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്. ബിശാല്‍ഗഡില്‍ ജനങ്ങളുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇക്കഴിഞ്ഞ ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളാണ് ബിജെപി നേടിയത്. 13 സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ തിപ്ര മോത പാര്‍ട്ടി ത്രിപുരയില്‍ രണ്ടാമതെത്തി. 11 സീറ്റുകള്‍ സിപിഎം നേടിയപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ വിജിച്ചു. ഒരു സീറ്റ് നേടി പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്‌ടി)അക്കൗണ്ട് തുറന്നിട്ടുമുണ്ട്.

ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലാണ് കേരളത്തില്‍ ബദ്ധവൈരികളായ സിപിഎമ്മും കോൺഗ്രസും ഇത്തവണ വടക്കുകിഴക്കൻ സംസ്ഥാനത്ത് ഒന്നിച്ചത്. 33 ശതമാനത്തോളമായിരുന്നു സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും വോട്ട് വിഹിതം. 2018 ന് മുമ്പ് ത്രിപുരയിൽ ഒരു സീറ്റ് പോലും നേടിയിട്ടില്ലാത്ത ബിജെപി, 2018 ലെ തെരഞ്ഞെടുപ്പിൽ ഐപിഎഫ്‌ടിയുമായി സഖ്യമുണ്ടാക്കിയാണ് അധികാരത്തിലെത്തിയത്. 1978 മുതൽ 35 വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതുമുന്നണി ഭരണത്തില്‍ നിന്ന് പുറത്താവുകയും ചെയ്‌തു.

For All Latest Updates

ABOUT THE AUTHOR

...view details