ബെംഗളൂരു :സ്‌ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാത്തതിൽ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി കവിത റെഡ്ഡി. ജൂൺ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു അവരുടെ പ്രതികരണം. ലിംഗനീതി ഇല്ലാത്ത രാഷ്‌ട്രീയ ചിത്രത്തിൽ സാമൂഹിക നീതി അപ്രസക്തവും അപൂർണവുമാണെന്ന് കവിത റെഡ്ഡി പറഞ്ഞു.
കവിത റെഡ്ഡിയുൾപ്പടെ നിരവധി വനിത നേതാക്കൾ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ ബിഎംടിസി ചെയർപേഴ്‌സൺ എം നാഗരാജു യാദവിനെയും മുൻ എംഎൽസി അബ്‌ദുൾ ജബ്ബാറിനെയുമാണ് പാർട്ടി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ഇതിൽ പ്രകോപിതയായ ജനറൽ സെക്രട്ടറി ഫേസ്‌ബുക്കിലൂടെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
ആഞ്ഞടിച്ച് കവിത റെഡ്ഡി : 'എം.എൽ.എ, എം.പി ടിക്കറ്റ് കിട്ടുന്ന എല്ലാ പുരുഷന്മാരും ജയിക്കാറില്ല. എന്നിട്ടും, വിജയസാധ്യതയെ അടിസ്ഥാനമാക്കിയുള്ള ചോദ്യം സ്‌ത്രീകളോട് മാത്രമെന്തിനാണ്? എല്ലാ തരത്തിലും സ്വാധീനമുള്ള പുരുഷൻമാരും തെരഞ്ഞെടുപ്പിൽ തോല്‍ക്കാറുണ്ട്. എന്നിട്ടും, സ്‌ത്രീകള്‍ ചോദ്യം ചെയ്യപ്പെടുന്നു. ലിംഗനീതി ഇല്ലാതെ സാമൂഹിക നീതി അപ്രസക്തമാണ്, അപൂർണമാണ്' - കവിത റെഡ്ഡി ആഞ്ഞടിച്ചു.
എന്തുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനസംഖ്യയുടെ 50 ശതമാനത്തെയും അവഗണിക്കുന്നതെന്ന് സ്‌ത്രീകളെ പരാമർശിച്ചുകൊണ്ട് അവർ ചോദിച്ചു. അസംബ്ലി കൗൺസിലിലും പാർലമെന്‍റിലുമൊന്നും സ്‌ത്രീകൾക്ക് പ്രാതിനിധ്യവും പ്രവേശനവും ഇല്ലേ എന്നും കവിത റെഡ്ഡി ആരാഞ്ഞു.
ഏഴ് അംഗങ്ങളുടെ കാലാവധി ജൂൺ 14ന് അവസാനിക്കുന്നതിനാൽ ജൂൺ മൂന്നിന് നടക്കുന്ന സംസ്ഥാന നിയമസഭ ഉപതെരഞ്ഞെടുപ്പ് എല്ലാ പാർട്ടികൾക്കും നിര്‍ണായകമാണ്. നേരത്തേ നാല് സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. മുതിർന്ന നേതാക്കളായ ലക്ഷ്‌മൺ സവാദി, എസ് കേശവ പ്രസാദ്, ഹേമലത നായക്, ചളവടി നാരായണസ്വാമി എന്നിവരെയാണ് ബിജെപി പ്രഖ്യാപിച്ചത്.