ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കവിത ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായില്ല. ഹൈദരാബാദിലെ തന്‍റെ വസതിയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണമെന്നാണ് കവിതയുടെ ആവശ്യം. എന്നാല്‍ ഇത് നിരസിച്ചിരിക്കുകയാണ് ഇഡി.
ഡല്‍ഹി മദ്യ നയക്കേസുമായി ബന്ധപ്പെട്ട് കവിതയോട് ചോദ്യം ചെയ്യലിനായി ഇന്നാണ് ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. താന്‍ അടക്കമുള്ളവര്‍ക്ക് എതിരെയുള്ള ഈ മദ്യ നയക്കേസ് പ്രതിപക്ഷത്തെ ദ്രോഹിക്കാനുള്ള ഭരണ കക്ഷികളുടെ ശ്രമമാണെന്നും അതിന്‍റെ ഭാഗമായിട്ടാണ് ഈ ചോദ്യം ചെയ്യലെന്നും കവിത മാധ്യമങ്ങളോട് പറഞ്ഞു. വനിത സംവരണ ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കുന്നതിന് വേണ്ടി ജന്തര്‍ മന്ദറില്‍ മാര്‍ച്ച് 10ന് സമരം സംഘടിപ്പിക്കാന്‍ കവിത തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹി മദ്യ നയ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും പൂര്‍ണമായും സഹകരിക്കുമെന്നും എന്നാല്‍ സമരം നടത്താന്‍ തീരുമാനിച്ച ദിവസമുള്ള ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തനിക്കാവില്ലെന്നും ഇത് സബന്ധിച്ച് നിയമോപദേശം തേടുമെന്നും കവിത പറഞ്ഞു. ഇന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തന്നോട് ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് സാധിക്കാത്തത് കൊണ്ട് മാര്‍ച്ച് 16ന് ഹാജരാകാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചു.
അന്വേഷണ ഏജന്‍സി എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് അറിയില്ലെന്നും കവിത പറഞ്ഞു. മാര്‍ച്ച് 11ന് എന്‍റെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഒരു സ്‌ത്രീയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുമ്പോള്‍ അത് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് വച്ച് ചെയ്യണം അത് അവരുടെ മൗലികാവകാശമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് ഇഡി ഓഫിസില്‍ ഹാജരാകേണ്ടി വരും. 'ഞങ്ങള്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. അതുകൊണ്ട് ഇഡിയെ നേരിടുമെന്നും' കവിത പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ ബിജെപി ആഞ്ഞടിക്കുകയാണ്.