ശ്രീനഗർ: നിരവധി പുരാതന ആരാധനാലയങ്ങളാൽ ചരിത്രത്തിൽ ഇടംനേടിയ സ്ഥലമാണ് ദക്ഷിണ കശ്‌മീരിലെ അനന്തനാഗ് ജില്ല. വിവിധ മത വിഭാഗങ്ങളിലെ ആരാധനലായങ്ങൾ ഉള്ള ഈ പ്രദേശം പ്രശസ്‌തമായ വിനോദ സഞ്ചാര മേഖല കൂടിയാണ്. ഈ പ്രദേശത്തെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രങ്ങളിലൊന്നാണ് മട്ടാന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന “മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രം''. അനന്തനാഗ് പട്ടണത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സൂര്യ ഭഗവാനെ ആരാധിക്കാനായാണ് ഈ ക്ഷേത്രം നിർമിച്ചത്. എട്ടാം നൂറ്റാണ്ടില്‍, എ ഡി 725 മുതല്‍ 756 വരെ ഭരിച്ച മഹാരാജാ ലളിതദാതീയ മുക്തപിതയാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കം ചെന്നതും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രങ്ങളില്‍ ഒന്ന് കൂടിയാണ് ഈ സൂര്യ ക്ഷേത്രം. ഒഡീഷയിലെ കൊണാര്‍ക്കിലാണ് രാജ്യത്ത് ഇത്തരത്തിലൊരു സൂര്യ ക്ഷേത്രം ഉള്ളത്.
പൈതൃകം ഉറങ്ങുന്ന ജമ്മു കശ്‌മീരിലെ മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രം - Sun Temple Kashmir
അനന്തനാഗ് പട്ടണത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എഡി 370നും 500 നും ഇടയില്‍ റാണാ ആദിത്യയാണ് ഈ ക്ഷേത്രത്തിന്‍റെ നിർമാണത്തിന് തുടക്കം കുറിച്ചതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍റെ മകനായ സാംബാണ് ഈ സൂര്യ ക്ഷേത്രം നിർമിച്ചതെന്നും എട്ടാം നൂറ്റാണ്ടില്‍ ലളിതദാതീയ രാജാവ് ഈ ക്ഷേത്രം പുനര്‍ നിർമിക്കുകയായിരുന്നെന്നും വിശ്വാസമുണ്ട്. ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രം ഇപ്പോള്‍ വളരെ ശോചനീയമായ അവസ്ഥയിലാണ്. എങ്കിലും അതിന്‍റെ ചുമരുകളിൽ കൊത്തിയിരിക്കുന്ന വിവിധ ദേവൻമാരുടെയും ദേവതകളുടെയും ശില്‍പ്പങ്ങള്‍ക്കൊന്നും ഇതുവരെ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ഹിന്ദുമത വിശ്വാസത്തിന്‍റെ വലിയൊരു സ്രോതസായിരുന്നു മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രം എന്നാണ് ഹിന്ദു പൗരാണിക ഗ്രന്ഥങ്ങള്‍ പറയുന്നത്. ക്ഷേത്രത്തിന് മധ്യ ഭാഗത്തായി നിർമിച്ചിരിക്കുന്ന വലിയ കെട്ടിടത്തിലെ സൂര്യ ഭഗവാന്‍റെ വിഗ്രഹത്തിലേക്ക് ദിവസം മുഴുവന്‍ സൂര്യകിരണങ്ങള്‍ നേരിട്ട് പതിക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു രത്‌നം പ്രദേശത്തെയാകെ പ്രകാശപൂരിതമാക്കിയിരുന്നു എന്നാണ് ഭക്തര്‍ വിശ്വസിച്ചിരുന്നത്. അതേ സമയം നിലവിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നിരീക്ഷണത്തിലാണ് ഈ ക്ഷേത്രം. പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമായ പല്‍ഗാമിലേക്കുള്ള ദേശീയ പാതയുടെ സമീപത്താണ് ഈ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇപ്പോഴും ഒരു തീർഥാടന കേന്ദ്രമായി ഈ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടില്ല.
കശ്‌മീരിന്‍റെ സാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർ ഈ സൂര്യ ക്ഷേത്രത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു. അറ്റകുറ്റ പണികൾ നടത്തി ക്ഷേത്രം സംരക്ഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ അധികൃതരുടെ അനാസ്ഥയിൽ അനാഥമായി കിടക്കുകയാണ് വർഷങ്ങൾ പഴക്കമുള്ള ഈ സൂര്യക്ഷേത്രം.