ശ്രീനഗര്‍ :തിഹാര്‍ ജയിലില്‍ കഴിയുന്ന കശ്‌മീര്‍ വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷായ്ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി മകളും കശ്‌മീരി മാധ്യമ പ്രവര്‍ത്തകയുമായ റുവ ഷാ. തടവില്‍ കഴിയുന്ന തന്‍റെ പിതാവിന് വൃക്കാര്‍ബുദം ബാധിച്ചിട്ടുണ്ടെന്നും മറ്റ് ശരീര ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചുവെന്നും ജയിലിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും റുവ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അനാരോഗ്യകരമായ അവസ്ഥയിലായതുകൊണ്ട് പിതാവിനെ കാണാന്‍ തന്നെയും കുടുംബത്തെയും അനുവദിക്കണമെന്നും നിലവിലെ ആരോഗ്യനില കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും റുവ ട്വീറ്റില്‍ പറയുന്നു. ആരോഗ്യനില ഗുരുതരമായി തുടരുന്ന പിതാവിന് ശരിയായ ചികിത്സ അനിവാര്യമാണ്. അദ്ദേഹത്തെ ഉടന്‍ ജയിലിന് പുറത്തെത്തിച്ച് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം.
ഇത് കുടുംബത്തിന്‍റെ അപേക്ഷയാണെന്നും റുവ ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ ഓങ്കോളജി ഡിപ്പാർട്ട്‌മെന്‍റ് ഇല്ലാത്ത ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിൽ ഓക്‌സിജന്‍റെ സഹായത്തോടെയാണ് പിതാവ് കഴിയുന്നത്. നിയമം നടപ്പാക്കാന്‍ ഒരുപാട് കാലതാമസമെടുക്കും. പിതാവിന് ചികിത്സ നല്‍കുന്നത് വൈകിപ്പിക്കരുതെന്നും റുവ ട്വീറ്റ് ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫിസുകളെ ടാഗ് ചെയ്‌താണ് റുവയുടെ ട്വീറ്റ്. കശ്‌മീരി വിഘടനവാദി സംഘടനയായ തെഹ്‌രീകെ ഹുറിയത്തിന്‍റെ സ്ഥാപകനായ, അന്തരിച്ച സയ്യിദ് അഹമ്മദ് ഷാ ഗീലാനിയുടെ മരുമകനാണ് അൽത്താഫ് അഹമ്മദ് ഷാ.
കശ്‌മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ നിന്ന് വിദേശ പണം ലഭിക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് 2017 ജൂലൈയില്‍ എന്‍ഐഎ അല്‍ത്താഫ് അഹമ്മദ് ഷായെ അറസ്റ്റ് ചെയ്‌തത്. കേസില്‍ തെഹ്‌രികെ ഹുറിയത് വക്താവ് അയാസ് അക്‌ബര്‍ അടക്കം ഏഴ് പേരാണ് പിടിയിലായത്. അറസ്റ്റിലായ അന്ന് മുതല്‍ അല്‍ത്താഫ് അഹമ്മദ് ഷാ തിഹാര്‍ ജയിലില്‍ തുടരുകയാണ്.