ശ്രീനഗർ: പുലിറ്റ്‌സർ ജേതാവും കശ്‌മീരി മാധ്യമപ്രവർത്തകയുമായ സന്ന ഇർഷാദ് മാട്ടുവിന്‍റെ വിദേശ യാത്ര തടഞ്ഞ് വിമാനത്താവള അധികൃതർ. ഡൽഹിയിൽ നിന്ന് പാരീസിലേക്ക് പോകാനിരിക്കുകയായിരുന്ന സന്ന. ഫ്രഞ്ച് വിസ കൈവശം ഉണ്ടായിട്ടും ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് സന്നയെ തടഞ്ഞത്.
സെറൻഡിപിറ്റി ആർലെസ് ഗ്രാന്‍റ് 2020 ന്‍റെ 10 അവാർഡ് ജേതാക്കളിൽ ഒരാളായി താൻ പാരീസിലേക്ക് ഒരു പുസ്‌തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദർശനത്തിനുമായി പോകാനൊരുങ്ങുകയായിരുന്നുവെന്ന് സന്ന ട്വീറ്റിൽ കുറിച്ചു. രാജ്യം വിടാൻ അനുവദിക്കാത്തതിന്‍റെ കാരണം അധികൃതർ വ്യക്‌തമാക്കിയിട്ടില്ല. പക്ഷേ അന്താരാഷ്‌ട്ര യാത്രയ്‌ക്ക് വിലക്കുണ്ടെന്ന് മാത്രമാണ് അധികൃതർ പറഞ്ഞതെന്നും സന്ന കൂട്ടിച്ചേർത്തു.
2022ലാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ സന്ന പുലിറ്റ്‌സർ അവാർഡ് സ്വന്തമാക്കിയത്. അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, അമിത് ദവെ, അദ്‌നാൻ ആബിദി എന്നിവരുൾപ്പെടെയുള്ള റോയിട്ടേഴ്‌സ് ടീമുമായാണ് അവാർഡ് പങ്കിട്ടത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയുടെ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
ഇതാദ്യമല്ല കാശ്‌മീരി മാധ്യമപ്രവർത്തകരെ മുൻകൂർ അറിയിപ്പ് കൂടാതെ രാജ്യം വിടുന്നത് തടയുന്നത്. 2019 സെപ്‌റ്റംബറിൽ, കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 ൽ നിയമ ഭേദഗതി വരുത്തിയതിന് തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗൗഹർ ഗീലാനിയെ ജർമനിയിലെ ബോണിലേക്കുള്ള യാത്രയിൽ നിന്ന് വിലക്കിയിരുന്നു. ഗൗഹറിനെപ്പോലെ, സന്നയ്‌ക്കും എന്തിനാണ് യാത്ര തടഞ്ഞത് എന്നതിനെക്കുറിച്ച് രേഖാമൂലമുള്ള ഉത്തരവൊന്നും നൽകിയിട്ടില്ല.