ന്യൂഡല്‍ഹി: സൈന്യത്തിന്‍റെ സഹായത്തോടെ ഒരു കൂട്ടം മാധ്യമപ്രവർത്തകര്‍ കശ്‌മീര്‍ പ്രസ് ക്ലബിന്‍റെ പ്രവര്‍ത്തനം പിടിച്ചെടുത്തതിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ സംഭവം വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് പത്രസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്‍റെ തുടർച്ചയായ ഉദാഹരണങ്ങളില്‍ ഒന്നാണെന്നും സംഘടന പ്രസ്‌താവനയില്‍ പറഞ്ഞു.
ഈ ശത്രുതാപരമായ സമീപനം ഒഴിവാക്കണം. ഭരണ സമിതിയെ നിയമിക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. നിയമപരമായ അനുമതിയില്ലാതെ ക്ലബിന്‍റെ പ്രവർത്തനത്തിൽ ഇടപെടുന്നതിൽ നിന്ന് സായുധ സേന പിന്തിരിയണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെടുന്നു. കശ്‌മീര്‍ താഴ്‌വരയിലെ പത്രപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയാണ് കശ്‌മീര്‍ പ്രസ് ക്ലബ്.