ശ്രീനഗര്‍: ആദ്യം ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു..... പിന്നീട് വളരെയധികം സന്തോഷിച്ചു.... സാധാരണക്കാരായ വിദ്യാര്‍ഥികളെക്കാള്‍ തനിക്ക് മാര്‍ക്കുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചു. ഇതോടെ സന്തോഷം കൊണ്ട് എന്‍റെ മനസ് നിറഞ്ഞു..... കശ്‌മീരിലെ പ്രക്ഷോഭങ്ങള്‍ക്കിരയായി ഇരു കണ്ണുകളുടെയും കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെട്ട 18 കാരിയായ ഇന്‍ഷ മുഷ്‌താഖിന്‍റെ വാക്കുകളാണിത്. വെള്ളിയാഴ്‌ചയാണ് പ്ലസ് ടു വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില്‍ 319 മാര്‍ക്കോടു കൂടിയാണ് ഇന്‍ഷ വിജയിച്ചത്. ഈ വിജയത്തിന് ഇരട്ടിയാണ് മധുരം.
2016 ജൂലൈ 11ന് ആക്രമണ സമയത്ത് വീടിന്‍റെ ജനലിനരികെ നില്‍ക്കുകയായിരുന്ന ഇന്‍ഷയുടെ കണ്ണുകളില്‍ തറച്ച പെല്ലറ്റാണ് ഇന്‍ഷയെ ഇരുട്ടിന്‍റെ ലോകത്ത് എത്തിച്ചത്. ഷോപ്പിയാനില്‍ കല്ലേറ് നടത്തിയ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചപ്പോള്‍ അബദ്ധത്തില്‍ ജനലിലൂടെ എത്തിയ പെല്ലറ്റുകള്‍ ഇന്‍ഷയുടെ കണ്ണില്‍ തുളച്ച് കയറുകയായിരുന്നു. ഹിസ്‌ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ പ്രക്ഷോഭമുണ്ടായത്.
കാഴ്‌ചയില്ലെങ്കിലും ആത്മവിശ്വാസം മുറുകെ പിടിച്ച് ഇന്‍ഷ:ചെറുപ്രായത്തില്‍ തന്നെ കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടെങ്കിലും മാനസികമായി തളരാന്‍ ഇന്‍ഷ തയ്യാറായിരുന്നില്ല. ദുരന്തത്തിന് പിന്നാലെ ഏറെ പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ഇവയെല്ലാം തരണം ചെയ്‌ത് ആത്മവിശ്വാസത്തോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇന്‍ഷ മുഷ്‌താഖ്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ഇന്‍ഷയ്‌ക്ക് ഇനി ഡിഗ്രിയ്‌ക്ക് ചേരണമെന്നാണ് ആഗ്രഹം. ജീവിതത്തില്‍ എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങിയാല്‍ നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ഇന്‍ഷ പറയുന്നു.
സംഭവ ബഹുലമായ ആ ദിനം ഓര്‍മിച്ച് ഇന്‍ഷ: തന്‍റെ ഗ്രാമത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ ഞാന്‍ വീടിന്‍റെ ജനലുകള്‍ തുറന്നു. ഇതോടെ പ്രതിഷേധത്തിനിടയില്‍ നിന്ന് പെല്ലറ്റുകള്‍ എന്‍റെ കണ്ണിലേക്ക് പതിച്ചു. ഇതോടെ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാതാവുകയായിരുന്നു.
ഇന്‍ഷയെ കുറിച്ച് കുടുംബം: ജീവിതത്തില്‍ ഏറെ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും മികച്ച വിജയം കരസ്ഥമാക്കാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഇന്‍ഷയുടെ പിതാവ് മുഷ്‌താഖ് അഹമ്മദ് പറഞ്ഞു. ഇന്‍ഷയുടെ വിജയത്തില്‍ കുടുംബം മുഴുവന്‍ സന്തോഷത്തിലാണെന്നും അവളെ ഒരു ഐഎഎസ് ഓഫിസറായി കാണാനാണ് തങ്ങളുടെ ആഗ്രഹമെന്നും പിതാവ് പറഞ്ഞു.